സ്വിമ്മിംഗ് പൂളിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങി മരിച്ചു

13

മനാമ: അവധി ദിനത്തിൽ കുട്ടികൾക്കൊപ്പം താമസ സ്ഥലത്തെ സ്വിമ്മിംഗ് പൂളിൽ കുളിക്കാനിറങ്ങിയ മലയാളി മുങ്ങി മരിച്ചു. തത് വീർ പെട്രോളിയം (ഹെസ്റ്റൻ ഇന്റർനാഷണൽ) കമ്പനിയിൽ ഡിസൈനർ ആയി ജോലി ചെയ്ത് വരികയായിരുന്ന രഞ്ജിത് കാരയിൽ (42) ആണ് മരിച്ചത്. തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശിയാണ്. ഇന്ന് (ജൂലൈ 5) കാലത്ത് ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന സയൻസ് ഫോറവും കോപ്റ്റയും സംയുക്തമായി നടത്തിയ ടെക്‌നിക്കൽ സെമിനാറിൽ സജീവമായി ചർച്ചയിൽ പങ്കെടുത്ത രഞ്ജിത്ത് വീട്ടിലേയ്ക്ക് മടങ്ങിയതിന് ശേഷമായിരുന്നു സംഭവം. ഉച്ചയ്ക്ക് മക്കൾക്കൊപ്പം ഉമ്മൽ ഹസത്തെ സ്വിമ്മിംഗ് പൂളിൽ കുളിക്കാനിറങ്ങിയതായിരുന്നു. നീന്തൽ വശമില്ലായിരുന്നുവെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഭാര്യ സിനി. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.