സൗദിയിൽ ബാങ്ക്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുന്നവർക്ക് മൂന്നു വർഷം തടവ്

19

ദമാം: സൗദിയിൽ ബാങ്ക്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തുന്നവർക്ക് മൂന്നു വർഷം തടവ് അല്ലെങ്കിൽ ഇരുപത് ലക്ഷം സൗദി റിയാൽ വരെ പിഴ ലഭിക്കും. ചിലപ്പോൾ ജയിൽ ശിക്ഷയും പിഴയും ഒന്നിച്ചു അനുഭവിക്കേണ്ടിയും വരും. മറ്റുള്ളവരുടെ ബാങ്ക്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ അനധികൃത മാർഗത്തിലൂടെ ചോർത്താൻ ശ്രമിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

തട്ടിപ്പുകൾ നടക്കുന്നതിനാൽ ബാങ്കിംഗ് ഇടപാടുകൾക്ക്‌ പബ്ലിക് വൈഫൈ ഉപയോഗിക്കരുതെന്ന് നാഷണൽ സെക്യൂരിറ്റി അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാങ്ക് വിവരങ്ങൾ ചോർത്താൻ ഉപയോഗിക്കുന്ന കംപ്യൂട്ടറും കൈവശമാക്കുന്ന തുകയും കണ്ടുകെട്ടുന്നതായിരിക്കും. ഓൺലൈൻ ബാങ്കിംഗ് ഇടപാടുകൾ നടത്തുമ്പോൾ മറ്റുള്ള ബ്രൗസിംഗ് വിൻഡോകൾ ഓപ്പൺ ചെയ്യരുതെന്നും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെടുന്ന മെസേജുകൾക്കും ഇമെയിലുകൾക്കും മറുപടി നൽകരുതെന്നും സൈബർ സെക്യൂരിറ്റി വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.