ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-2 ചന്ദ്രനെ ലക്ഷ്യമാക്കി കുതിച്ചുയർന്നു. 130 കോടി ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങളും പേറി, ചന്ദ്രയാൻ രണ്ടുമായി ‘ബാഹുബലി’ എന്ന ഓമനപ്പേരുള്ള ജി.എസ്.എല്‍.വി മാര്‍ക്ക്-3 റോക്കറ്റാണ് ഇന്ത്യൻ സമയം 2:45-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും കുതിച്ചു പൊങ്ങിയത്.
ഇന്നലെ ഇന്ത്യൻ സമയം വൈകുന്നേരം 6.43-നാണ് ഐ.എസ്.ആര്.ഒ വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. ഇതുവരെ ഒരു രാജ്യത്തിന്റെയും സാങ്കേതിക വിദ്യകൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത ചന്ദ്രനിലെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ സ്വന്തമാക്കാനാണ് ചന്ദ്രയാന്‍-2 പറന്നുയർന്നത്. ചന്ദ്രയാൻ്റെ വിക്ഷേപണം കാണാൻ 7500–ഓളം പേരാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ എത്തിയിയത്. പൊതുജനങ്ങൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ വഴി വിക്ഷേപണം കാണാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ രണ്ടു മണിക്കൂറുകൾക്കുള്ളിൽ ഗാലറിയിൽ ഉൾക്കൊള്ളാവുന്ന 7500 പേരും നിറഞ്ഞതോടെ രജിസ്ട്രേഷൻ നിർത്തി വയ്ക്കുകയായിരുന്നു. വിദേശ മാധ്യമങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടെ വൻ സംഘവും സതീഷ് ധവാൻ സ്പേസ് സെന്ററിലെത്തിയിരുന്നു.
ജൂലൈ 15 പുലര്‍ച്ചെ 2.51-നായിരുന്നു ചന്ദ്രയാന്‍-2 വിക്ഷേപണം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ജി.എസ്.എല്‍.വി മാര്‍ക്ക്-3 യുടെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിൽ ഒന്നില്‍ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് വിക്ഷേപണം മാറ്റി വയ്ക്കുകയായിരുന്നു. വിക്ഷേപണ സമയത്തിന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കി നിൽക്കെയാണ് ദൗത്യം താൽക്കാലികമായി മാറ്റി വച്ചതായി അധികൃതർ അറിയിച്ചത്. തുടർന്ന് മണിക്കൂറുകള്‍ നീണ്ട സുരക്ഷാ പരിശോധനകൾക്ക് ശേഷം തകരാര്‍ പൂര്‍ണമായി പരിഹരിച്ചതായി ഐ.എസ്.ആര്.ഒ കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അറിയിച്ചു.
ജൂലൈ 23-ന് ശേഷമാണ് വിക്ഷേപണമെങ്കില്‍ ഉപഗ്രഹത്തിന് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കൂടുതല്‍ ഇന്ധനം വേണ്ടി വരും. കൂടാതെ ചന്ദ്രനെ വലം വയ്ക്കുന്ന ഓര്‍ബിറ്ററിന്റെ കാലാവധി ഒരു വര്‍ഷത്തിലേക്ക് ചുരുങ്ങാന്‍ സാധ്യതയുള്ളതിനാലാണ് ഒരു ദിവസം മുമ്പെ തന്നെ ഉപഗ്രഹം വിക്ഷേപിക്കാൻ തീരുമാനിച്ചത്.
ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയാണ് 2008 ഒക്ടോബറിൽ ചന്ദ്രയാൻ–1 ദൗത്യം ചന്ദ്രനെ ലക്ഷ്യമാക്കി പറന്നത്. ചന്ദ്രന്റെ ധ്രുവ പ്രദേശങ്ങളിലെ ജലസാന്നിധ്യം ഉൾപ്പെടെ നിർണായക വിവരങ്ങൾ ആ പേടകം മനുഷ്യരാശിക്കു കൈമാറി. 11 വർഷത്തിനു ശേഷം, ഏകദേശം 978 കോടി രൂപ ചെലവിലാണു ചന്ദ്രയാന്റെ രണ്ടാം പതിപ്പ് യാത്രയാകുന്നത്. ഒന്നാം ദൗത്യത്തിൽ നിന്ന് വ്യത്യസ്തമായി രാജ്യത്തിന്റെ ആദ്യ റോവറും ഈ ദൗത്യത്തിനൊപ്പം യാത്ര തിരിച്ചിട്ടുണ്ട്. മുമ്പ് നിശ്ചയിച്ചതിൽ നിന്നും എട്ടു ദിവസം വൈകി കുതിച്ചുയർന്ന ചന്ദ്രയാൻ-രണ്ട് ചന്ദ്രോപരിതലത്തിൽ എത്താൻ സെപ്റ്റംബർ ഏഴുവരെ കാത്തിരിക്കണം.
ചന്ദ്രയാൻ-2 പേടകത്തിന്റെ പൂർണഭാരം 3877 കിലോഗ്രാമാണ്. ‘ഭാരമേറിയ’ ദൗത്യമായതിനാൽ തന്നെ വഹിക്കുന്നത് ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്എൽവി മാർക് ത്രീ/എം1 ആണ് (ബാഹുബലി എന്നു വിളിപ്പേര്) ഏകദേശം 14 നില കെട്ടിടത്തിന്റെ ഉയരം– 43.43 മീറ്റർ. ഭാരം 5.81 ലക്ഷം കിലോഗ്രാമും (640 ടൺ). പൂർണമായും ഇന്ത്യൻ സാങ്കേതിക വിദ്യയിൽ നിർമിച്ച ആദ്യ ക്രയോജനിക് എന്‍ജിനുള്ള റോക്കറ്റാണിത്. 27.8 ടൺ ക്രയോജനിക് ഇന്ധനമാണ് ടാങ്കുകളിൽ നിറയ്ക്കുന്നത്.