എണ്ണക്കപ്പല്‍ വിട്ടുതന്നില്ലെങ്കില്‍ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കുമെന്ന്‌ ഇറാന്‍

ടെഹ്‌റാന്‍: തങ്ങളുടെ എണ്ണക്കപ്പല്‍ വിട്ടുതന്നില്ലെങ്കില്‍ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കുമെന്ന്‌ ഇറാന്‍. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന്‌ സിറിയയിലേക്ക്‌ എണ്ണ കടത്തുകയാണെന്ന്‌ സംശയിച്ചാണ്‌ ഇറാന്റെ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്‌. കടല്‍ക്കൊള്ളക്ക്‌ സമാനമായ കുറ്റമാണ്‌ ചെയ്തിരിക്കുന്നതെന്നും തിരിച്ചടിക്കുമെന്നും ഇറാന്‍ പരമോന്നത നേതാവ്‌ ആയത്തുല്ല ഖൊമേനിയുടെ ഉപദേഷ്ടാവ്‌ മുഹ്സന്‍ റെസായി ബ്രിട്ടിഷ്‌ അംബാസഡര്‍ക്ക്‌ ട്വിറ്ററിലൂടെ മുന്നറിയിപ്പു നല്‍കി. കപ്പല്‍ പിടിച്ചെടുത്ത നടപടിയെ അപലപിച്ച ഇറാൻ വിദേശ മന്ത്രാലയം അമേരിക്കയുടെ താളത്തിനൊത്തു തുള്ളുകയാണ്‌ ബ്രിട്ടനെന്ന്‌ ആരോപിച്ചു. ഇറാന്റെ സൂപ്പര്‍ എണ്ണ ടാങ്കർ ദി ഗ്രേസ്‌ 1 ആണ്‌ ബ്രിട്ടന്‍ ജിബ്രാള്‍ട്ടറില്‍ വച്ച്‌ പിടിച്ചെടുത്തത്‌.