ന്യൂസിലന്‍ഡിനോട് 18 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായി

13

മാഞ്ചസ്റ്റര്‍: ന്യൂസിലന്‍ഡിനോട് 18 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ ലോകകപ്പില്‍ നിന്നും പുറത്തായി. സെമി ഫൈനല്‍ പോരാട്ടത്തില്‍ കിവീസ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക ബാറ്റേന്തിയ ഇന്ത്യയ്ക്ക്  49.3 ഓവറില്‍ 221 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.അര്‍ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയുടെയും ധോണിയുടെയും പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. ജഡേജ 59 പന്തില്‍ 77 റണ്‍സാണെടുത്തത്. പ്രതീക്ഷ നല്‍കിയ മുന്‍ നായകന്‍ എംഎസ് ധോണി 72 പന്തില്‍ 50 റണ്‍സുമായി റണ്‍ഔട്ടായത് കിവീസ് ജയത്തില്‍ നിര്‍ണായകമായി. ഇരുവര്‍ക്കും പുറമെ 32 വീതം റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും ഹര്‍ദിക് പാണ്ഡ്യയുടെയും പ്രകടനങ്ങളും നിര്‍ണായകമായി. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സുള്ളപ്പോഴേക്കും രാഹുല്‍, രോഹിത്ത്, വിരാട് എന്നിവരെ ഇന്ത്യക്ക് നഷ്ടമായിരുന്നു. മൂന്നുപേരും ഒരു റണ്‍സ് മാത്രമാണ് എടുത്തത്. ദിനേശ് കാര്‍ത്തിക് ആറ് റണ്‍സെടുത്തും പുറത്തായി. കിവീസിനായി മാറ്റ് ഹെന്റി മൂന്നും സാന്റ്‌നറും ബോള്‍ട്ടും രണ്ട് വിക്കറ്റുകളും ഫെര്‍ഗൂസന്‍ നീഷാം എന്നിവര്‍ ഒരു വിക്കറ്റും നേടി. ഇന്നലെ 46.1 ഓവറില്‍ 211 ന് 5 എന്ന നിലയില്‍ മഴമൂലം നിര്‍ത്തിവെച്ച മത്സരം പുനരാരംഭിച്ചതിനു പിന്നാലെ കിവികള്‍ക്ക് മൂന്നു വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടപ്പെട്ടിരുന്നു. 74 റണ്‍സെടുത്ത റോസ് ടെയ്‌ലറെ രവീന്ദ്ര ജഡേജ റണ്‍ഔട്ടാക്കുകയായിരുന്നു. അതിനു പിന്നാലെ 10 റണ്‍സെടുത്ത ടോം ലാഥവും പുറത്തായി.നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലന്‍ഡ് 239 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണും (67), അവസാന നിമിഷം സ്‌കോര്‍ ഉയര്‍ത്തിയ റോസ് ടെയ്ലറുമാണ് (74) ന്യൂസിലന്‍ഡിനായി മികച്ച പ്രകടനം പുറത്തെടുത്തത്. നിക്കോള്‍സ് (28), നീഷാം (12). ഗ്രാന്‍ഡ്ഹോം (16) എന്നിവര്‍ക്ക് ടീം ടോട്ടലിലേക്ക് കാര്യമായ സംഭവന നല്‍കാന്‍ കഴിഞ്ഞില്ല.

ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ മൂന്നും ജസ്പ്രീത് ബൂമ്ര, ജഡേജ, ചാഹല്‍, ഹര്‍ദിക്, എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.