അച്ഛനെ കെട്ടിയിട്ട് തല്ലി : സംഭവം സാക്ഷര കേരളത്തിൽ…

13

കൊട്ടാരക്കര: അമ്പലപ്പുറത്ത് മധ്യവയസ്കനെ ബന്ധുക്കൾ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി. അരുൺ ഭവനിൽ ബാബു (47) വിനാണ് മർദ്ദനമേറ്റത്. ഇയാളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു‌. സംഭവത്തിൽ മകൻ ഉൾപ്പടെ മൂന്ന് പേർക്കെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു.

ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദീർഘകാലമായി അകന്നുകഴിയുന്ന ഭാര്യയുടെ വീട്ടിലെത്തി മകളെ കാണണമെന്ന് ആവശ്യപ്പെട്ട ബാബുവിനെ ഇദ്ദേഹത്തിന്റെ തന്നെ ഇരുപതുകാരൻ മകൻ അരുൺ മർദ്ദിക്കുകയായിരുന്നു. അരുൺ, കൂട്ടുകാരൻ വിഷ്ണു, ഭാര്യാപിതാവ് പുരുഷോത്തമൻ (70) എന്നിവർ ചേർന്ന് കൈയും കാലും കൂട്ടി കെട്ടി മർദ്ദിച്ചതായി ബാബു പൊലീസിനോട് പറഞ്ഞു.

ക്രൂര മർദ്ദനമേറ്റ് അവശ നിലയിലായ ബാബുവിനെ നാട്ടുകാരാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാബുവിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്. അതേസമയം, വീട്ടിൽ മദ്യപിച്ചെത്തിയ ബാബു ബഹളം വച്ചുവെന്നും തുടർന്ന് മറിഞ്ഞ് വീണാണ് പരുക്ക് പറ്റിയതെന്നുമാണ് ഭാര്യയുടെ ബന്ധുക്കൾ പറയുന്നത്.