അബഹ വിമാനത്താവളത്തിനും ഖമീസ് മുശൈത്ത് എയര്‍ ബേസിനും നേരെ ഹൂതികളുടെ വ്യോമാക്രമണശ്രമം

13

സൗദിയിലെ രണ്ട് വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ട് ഞായറാഴ്ച ഹൂതികളുടെ വ്യോമാക്രമണശ്രമമുണ്ടായി. തെക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള അബഹ വിമാനത്താവളത്തിനും ഖമീസ് മുശൈത്ത് എയര്‍ ബേസിനും നേരെയാണ് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ചതെന്ന് ഹൂതികളുടെ ഉടമസ്ഥതയിലുള്ള അല്‍ അല്‍ മസിറ ടെലിവിഷന്‍ അവകാശപ്പെട്ടു. ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിന് മുന്‍പ് ഡ്രോണുകളെ സൗദി സഖ്യസേന തകര്‍ക്കുകയായിരുന്നു.

രണ്ട് വിമാനത്താവളങ്ങളിലെയും കണ്‍ട്രോള്‍ ടവറുകളെയാണ് ഹൂതികള്‍ ലക്ഷ്യമിട്ടത്. ഖമീസ് മുശൈത്തിലെ ജനവാസ മേഖല ലക്ഷ്യമിട്ട് യെമനിലെ സനായില്‍ നിന്ന് ആക്രമണമുണ്ടായെന്നും സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ തകര്‍ത്തുവെന്നുമാണ് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി അറിയിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സൗദിയിലെ വിവിധ സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നിരന്തരം ആക്രമണം നടത്തുകയാണ്. കഴിഞ്ഞ ജൂണ്‍ 12ന് അബഹ വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇന്ത്യക്കാരി ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.