അബുദാബി- മുസ്സഫയില്‍നിന്ന് ദുബായിലെ ഇബ്ന്‍ ബത്തൂത്തയിലേക്ക് പുതിയ ബസ് റൂട്ട്

20

അബുദാബി-ദുബായ് പുതിയ ബസ് റൂട്ട് ആരംഭിച്ചു.മുസഫ വ്യാവസായിക മേഖലയെ ദുബായ് ഇബ്‌നു ബത്തൂത്തയുമായി അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വഴി ബന്ധിപ്പിക്കുന്ന പുതിയ ബസ് റൂട്ട് (ഇ 102) തുടങ്ങി. മുസഫയിലെ സബർബൻ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമായിരിക്കും. കാരണം ദുബായിലേക്ക് ബസ്സിൽ വരുന്നവർക്ക് അബുദാബി സെൻട്രൽ ബസ് സ്റ്റേഷനിൽ ഇനി മുതൽ പോകേണ്ടിവരില്ല.മുസഫ ഷാബിയ ബസ് സ്റ്റേഷൻ, മുസഫ പാർക്ക്, അൽ നജ പ്രൈവറ്റ് സ്കൂൾ, അൽ ഐൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി,അബുദാബി അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ ഒന്ന്, മൂന്ന്, ദുബായ് ഇബ്‌നു ബത്തൂത്ത മെട്രോ സ്റ്റേഷൻ വരെയാണ് അബുദാബി-ദുബായ് പുതിയ ബസ് റൂട്ട് (ഇ-102).

ഐ.ടി.സി, അബുദാബി ഗതാഗത വകുപ്പ്, ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്. ഒരു മണിക്കൂർ ഇടവിട്ടാണ് ബസുകൾ ഉണ്ടാവുക. എക്സ്‌പോ 2020 മുന്നിൽകണ്ടാണ് പുതിയ ബസ് റൂട്ട് പദ്ധതിയെന്ന് ഐ.ടി.സി. ഓപ്പറേഷൻസ് ഡയറക്ടർ ആർതീക് മുഹമ്മദ് അൽ മസ്രൂയി പറഞ്ഞു. അബുദാബി സിറ്റി-ദുബായ് സർവീസുകളും വിമാനത്താവളവുമായി ബന്ധിപ്പിക്കും.

ഇബ്‌നു ബത്തൂത്തയിലേക്കും അൽ ഗുബൈബ ബസ് സ്റ്റേഷനിലേക്കും നിലവിൽ അബുദാബി സിറ്റിയിൽ നിന്ന് രണ്ട് ബസ് റൂട്ടുകളുണ്ട്. ഗതാഗത വിപുലീകരണ പദ്ധതികളുടെ ഭാഗമായി അബുദാബിയിൽ നിന്ന് അജ്മാനിലേക്ക് ഈ മാസം ആദ്യം ബസ് സർവീസ് ആരംഭിച്ചിരുന്നു.