അബുദാബി സമ്മര്‍ സെയില്‍സ് നറുക്കെടുപ്പിൽ 10 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം മലയാളിക്ക്

13

അബുദാബി: ഗള്‍ഫിലെ നറുക്കെടുപ്പുകളില്‍ ഭാഗ്യം എപ്പോഴും മലയാളികള്‍ക്കൊപ്പമാണ്. ഏറ്റവുമൊടുവില്‍ അബുദാബി സമ്മര്‍ സെയില്‍സിന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലും 10 ലക്ഷം ദിര്‍ഹത്തിന്റെ (1.93 കോടിയിലധികം ഇന്ത്യന്‍ രൂപ) ഭാഗ്യം തേടിയെത്തിയത് ഒരു മലയാളിയെ. അബുദാബിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അബ്ദുല്‍ സലാം ഷാനവാസാണ് ഭാഗ്യം കോടീശ്വരന്മാരാക്കിയ മലയാളികളുടെ പട്ടികയില്‍ ഏറ്റവുമൊടുവില്‍ ഇടം നേടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍വെച്ച് അബ്‍ദുല്‍ സലാം ഷാനവാസ് സമ്മാനം ഏറ്റുവാങ്ങി. അബുദാബി സാംസ്‍കാരിക-ടൂറിസം വകുപ്പ് സംഘടിപ്പിച്ച 47 ദിവസത്തെ സമ്മര്‍ സെയില്‍സിന്റെ ഭാഗമായി ലൈന്‍സ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് പ്രോപ്പര്‍ട്ടിയാണ് നറുക്കെടുപ്പ് നടത്തിയത്. അബുദാബിയിലും അല്‍ഐനിലുമുള്ള തങ്ങളുടെ എട്ട് മാളുകളിലായിരുന്നു ഭാഗ്യപരീക്ഷണത്തിന് അവസരമൊരുക്കിയിരുന്നത്. ഖാലിദിയ്യ മാളില്‍ 200 ദിര്‍ഹത്തിലധികം ചിലവഴിച്ചാണ് ഷാനവാസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.

ഓഗസ്റ്റ് അഞ്ചിന് തന്നെ സമ്മാനം ലഭിച്ച വിവരമറിയിപ്പ് അധികൃതരുടെ ഫോണ്‍ കോള്‍ ലഭിച്ചു. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ വിവരം രഹസ്യമാക്കി വെയ്ക്കണമെന്നായിരുന്നു നിര്‍ദേശം. നാട്ടിലുള്ള കുടുംബത്തോടുപോലും  വിവരം പറഞ്ഞില്ല. വലിയൊരു സര്‍പ്രൈസ് വരാനുണ്ടെന്നുമാത്രമാണ് ഭാര്യയോട് പറഞ്ഞത്. ഏഴും പതിനാലും വയസുള്ള പെണ്‍മക്കളുള്‍പ്പെട്ട തന്റെ കുടുംബം ഇപ്പോള്‍ ഏറെ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സമ്മാനം ലഭിച്ചതിനിടയിലും ഷാനവാസിന് ഒരു അബദ്ധം പിണഞ്ഞു. നറുക്കെടുപ്പിന് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച എസ്എംഎസ് അറിയാതെ ഡിലീറ്റ് ചെയ്തു. വിജയിയായെന്ന് അറിയിച്ചപ്പോള്‍ മെസേജ് തപ്പിയെങ്കിലും കണ്ടെത്താനാവാതെ വന്നപ്പോള്‍ തനിക്ക് ‘ചെറിയൊരു ഹൃദയാഘാതം’ തന്നെ വന്നെന്ന് ഷാനവാസ് പറഞ്ഞു. എന്നാല്‍ ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും ഉപയോഗിച്ച് സംഘാടകര്‍ വിജയി ഷാനവാസ് തന്നെയെന്ന് ഉറപ്പിക്കുകയായിരുന്നു.

50 വര്‍ഷം താന്‍ ജോലി ചെയ്താലും ഇതിന്റെ അടുത്തെങ്ങുമുള്ള ഒരു തുക സ്വന്തമായുണ്ടാക്കാന്‍ കഴിയുമായിരുന്നില്ലെന്ന് ഷാനവാസ് പറയുന്നു. 1997ല്‍ വെറും കൈയോടെ, എന്നാല്‍ നിറെയ പ്രതീക്ഷകളോടെയാണ് യുഎഇയിലെത്തിയത്. ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയശേഷം ഷാര്‍ജയില്‍ ഡ്രൈവറായി ജോലി ചെയ്തു. കാര്യമായൊന്നും സമ്പാദിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് അബുദാബിയില്‍ ജോലി ചെയ്യുന്നു. 2500 ദിര്‍ഹമാണ് ഇപ്പോള്‍ ശമ്പളം.

എന്താണ് ഭാവി പദ്ധതിയെന്ന ചോദ്യത്തിന്, ഇത്രയും നാളത്തെ സമ്പാദ്യം ഉപയോഗിച്ച് നാട്ടില്‍ അല്‍പം സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അവിടെ വീടുവെയ്ക്കണമെന്നുമാണ് ഷാനവാസിന്റെ മറുപടി. 2021ല്‍ വീടിന്റെ പണി തുടങ്ങാനായിരുന്നു തീരുമാനം. സമയത്ത് തന്നെ ഈ പണം കിട്ടിയത് മറ്റൊരുഭാഗ്യം. എന്നാല്‍ ഏറെ സന്തോഷിക്കുമ്പോഴും നാട്ടില്‍ മഴക്കെടുതില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കൊപ്പമാണ് തന്റെ മനസെന്ന് അദ്ദേഹം യുഎഇ മാധ്യമമായ ഖലീജ് ടൈംസിനോട് പറഞ്ഞു. പെരുന്നാളിന് മുന്‍പ് എത്രയും വേഗം സ്ഥിതിഗതികള്‍ ശാന്തമാകട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും ഷാനവാസ് പറഞ്ഞു.