അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഡ്രൈവര്‍ക്ക് തടവുശിക്ഷ

13

യുകെയില്‍ അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഡ്രൈവര്‍ക്ക് രണ്ടര വര്‍ഷം തടവുശിക്ഷ. ഹൂണ്‍സ്ലോയിലെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യന്‍ യുവതി ഹിമാന്‍ഷി ഗുപ്തയെയും മറ്റൊരു വഴിയാത്രക്കാരിയെയുമാണ് അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിച്ചത്.

2017 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹിമാന്‍ഷി ഗുപ്തയെയും മറ്റൊരു യുവതിയെയും ലണ്ടനിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹിമാന്‍ഷിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ വാദം കേട്ട ഐസ്‍വര്‍ത്ത് കോടതി തടവുശിക്ഷയ്ക്ക് പുറമെ രണ്ട് വര്‍ഷത്തേക്ക് ഇയാളെ വാഹനമോടിക്കുന്നതില്‍ നിന്നും വിലക്കുകയും പിഴ വിധിക്കുകയും ചെയ്തു.