അഴിമതി കേസില്‍ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം അറസ്റ്റിൽ

ഡൽഹി: ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം അറസ്റ്റിൽ. നാടകീയമായ നീക്കങ്ങൾക്കൊടുവിൽ സി.ബി.ഐ സംഘവും എൻഫോഴ്സ്മെന്റ് ഡയററക്ടറേറ്റും സംയുക്തമായി ചിദംബരത്തിന്റെ ജോർഗാബിലുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിന്റെ നീക്കത്തിൽ പ്രതിഷേധവുമായെത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ പ്രതിരോധത്തെ മറികടന്നാണ് സംഘം ചിദംബരത്തിന്റെ വീടിനുള്ളിലേക്ക് കയറിയത്.

പ്രകോപനമില്ലാതെ തന്നെ സി.ബി.ഐ സംഘത്തിലെ ചില ഉദ്യോഗസ്ഥർ ചിദംബരം താമസിക്കുന്ന വീടിന്റെ മതിൽ ചാടിക്കടന്നു. ചിദംബരത്തിന്റെ വീടിനു പുറത്ത് രണ്ടു വിഭാഗം ആളുകള്‍ തമ്മില്‍ നേരിയ തോതിൽ സംഘര്‍ഷമുണ്ടായി. ചിദംബരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രാവാക്യം വിളിച്ചായിരുന്നു സംഘർഷം. ഇവരെ പോലീസെത്തി ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. എ.ഐ.സി.സി ആസ്ഥാനത്തും സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സ്ഥലത്തെ സംഘർഷ സാധ്യതകൂടി കണക്കിലെടുത്ത് പി.ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിനായി സി.ബി.ഐ പോലീസിന്റെ സഹായം തേടി.

ഇതിനിടയിൽ കോൺഗ്രസ് ആസ്ഥാനത്ത് പി. ചിദംബരം പത്രസമ്മേളനം നടത്തി.  24 മണിക്കൂറുകൾക്ക് ശേഷമാണ് ചിദംബരം നാടകീയമായി എ.ഐ.സി.സി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്. താൻ നിയമത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും അറസ്റ്റിൽ നിന്ന് പരിരക്ഷയാണ് കോടതിയോട് ആവശ്യപ്പെട്ടതെന്നും ചിദംബരം പറഞ്ഞു.

നിലവിൽ നേരിടുന്ന ആരോപണത്തിൽ തനിക്കോ കുടംബത്തിനോ യാതൊരു പങ്കുമില്ലെന്നും ചിദംബരം വ്യക്തമാക്കി. തനിക്കെതിരെ ഒരു കോടതിയിലും കുറ്റപത്രം നിലനിൽക്കുന്നില്ലെന്നും ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമത്തിൽ വിശ്വാസമാണെന്നും ആ നിയമം പാലിക്കാൻ അന്വേഷണ ഏജൻസികളും തയ്യാറാകണമെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിന് ശേഷം ചിദംബരം വീട്ടിലേക്ക് മടങ്ങി. കോൺഗ്രസ് ആസ്ഥാനത്ത് പ്രമുഖ നേതാക്കളോടൊപ്പമാണ് ചിദംബരം മാധ്യമങ്ങളെ കാണാനെത്തിയത്. മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ചിദംബരത്തിനെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അതേസമയം ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് നാടകീയമായി എ.ഐ.സി.സി ആസ്ഥാനത്തെത്തി ചിദംബരം മാധ്യമങ്ങളെ കണ്ടത്. രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി പരാമർശിക്കാൻ ശ്രമിച്ചെങ്കിലും കോടതി വിലക്കുകയായിരുന്നു. വെള്ളിയാഴ്ചത്തേയ്ക്ക് ഹർജി ലിസ്റ്റ് ചെയ്തതായി സുപ്രീംകോടതി റജിസ്ട്രാർ അറിയിച്ചിട്ടുണ്ട്.