ഇറാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തിയിരുന്ന ഇമാമിനെ കൊലപ്പെടുത്തിയ പ്രതിയെ തൂക്കിലേറ്റി

ഇറാനില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഇമാമിനെ കൊലപ്പെടുത്തിയ പ്രതിയെ തൂക്കിക്കൊന്നു. കൊലയാളിയായ ഹമീദ് റെസ ദെറക്ഷാന്‍ഡെ എന്നയാളെയാണ് കൊലപാതകം നടത്തിയ അതേസ്ഥലത്തുവെച്ച് പരസ്യമായി തൂക്കിക്കൊന്നത്. കാസിറൗണ്‍ നഗരത്തിലെ ഇമാമായിരുന്ന മുഹമ്മദ് ഖോര്‍സാന്‍ദിനെയാണ് ഇയാള്‍ വധിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

മേയ് 29നായിരുന്നു കേസിന് ആസ്‍പദമായ സംഭവം. റമദാനില്‍ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മടങ്ങുകയായിരുന്ന ഇമാമിനെ പ്രതി ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫാര്‍സ് പ്രവിശ്യയുടെ തലസ്ഥാനമായ കാസിറൗണില്‍ 2007 മുതല്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിവന്നിരുന്നയാളായിരുന്നു കൊല്ലപ്പെട്ട ഇമാം. സംഭവത്തിന് ശേഷം അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു. മുന്‍കൂട്ടി പദ്ധതിയിട്ടത് പ്രകാരമാണ് താന്‍ കൊലപാതകം നടത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഇയാള്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാവാതിരുന്നതോടെ വധശിക്ഷ നല്‍കണമെന്ന നിലപാടാണ് ഇമാമിന്റെ ബന്ധുക്കള്‍ സ്വീകരിച്ചത്. ഇതോടെ വധശിക്ഷ സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു. ഇറാനിലെ നിയമമനുസരിച്ച് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ബ്ലഡ് മണി സ്വീകരിച്ച് കൊലപാതകിക്ക് മാപ്പ് നല്‍കാനാവും. കേസിന്റെ പ്രാധാന്യവും ജനവികാരവും കണക്കിലെടുത്ത് അതീവശ്രദ്ധയോടെയാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്ന് ഫാര്‍സ് പ്രവിശ്യ ചീഫ് ജസ്റ്റിസ് കസീം മൗസവി പറഞ്ഞു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനഇയാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കേണ്ട ഇമാമുമാരെ നിയമിക്കുന്നത്.