ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിസപേ കോൻഡേ രാജിവച്ചു

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിസപേ കോൻഡേ രാജിവച്ചു. കൂട്ടുകക്ഷി ഭരണത്തിലെ പ്രതിസന്ധിയാണ് പ്രധാനമന്ത്രിയുടെ രാജിയില്‍ കലാശിച്ചത്. സഖ്യസര്‍ക്കാരുമായി മുന്നോട്ട് പോകാമെന്ന വിശ്വാസമില്ലാത്തതിനാലാണ് രാജിവെക്കുന്നതെന്ന് കോൻഡേ വ്യക്തമാക്കി.

ഭരണ സഖ്യത്തിലെ ഭിന്നതകൾ രൂക്ഷമായതോടെയാണ് 14 മാസം മുമ്പ് നിലവിൽ വന്ന സർക്കാരിന്റെ നില നിൽപ്പ് ഭീഷണിയിലായത്. ഫൈവ് സ്റ്റാർ പാർട്ടി നേതൃത്വം നൽകുന്ന സഖ്യസർക്കാരിൽനിന്ന് വലതുപക്ഷ ലീഗ് പാർട്ടി ഈ മാസം എട്ടിന് പിന്തുണ പിൻവലിച്ച് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് ൽകിയിരുന്നു.

നാഷണലിസ്റ്റ് പാര്‍ട്ടി നേതാവായ മറ്റെയോ സാല്‍വിനിയുമായി കോന്‍ഡേ രൂക്ഷമായ അഭിപ്രായവ്യത്യാസത്തിലായിരുന്നു. രാജിക്ക് ശേഷം സാല്‍വിനിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിക്കാനും കോന്‍ഡേ മറന്നില്ല. സാമ്പത്തിക മേഖലയെ വ്യക്തിതാത്പര്യത്തിന് വേണ്ടി ചൂഷണം ചെയ്യുന്നയാളാണ് സാല്‍വിനിയെന്നാണ് കോന്‍ഡേ പറഞ്ഞത്.

പ്രധാനമന്ത്രി രാജിവച്ചതോടെയുണ്ടായ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനുള്ള തിരക്കിട്ട ചര്‍ച്ചകളും നീക്കങ്ങളും ഇറ്റലിയില്‍ സജീവമായിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ രൂപികരിക്കാനുള്ള ശ്രമങ്ങളുമായി ഒരു വിഭാഗം മുന്നോട്ട് പോകുമ്പോള്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതാണ് നല്ലതെന്ന അഭിപ്രായവും ശക്തമാണ്.