ഒമാനിലെ ഇന്ത്യക്കാർ അറിയാൻ : എംബസിയിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം

7

മസ്‍കത്ത്: ഒമാനിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരും എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പെട്ടെന്ന് സഹായമെത്തിക്കുന്നതിനായാണിത്. ദീര്‍ഘകാലമായി ഒമാനില്‍ താമസിക്കുന്നവരും ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്ക് എത്തിയവരുമടക്കം എല്ലാ പൗരന്മാരും രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദേശം.

www.indemb-oman.gov.in/register.php എന്ന വെബ്‍സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസ്‍പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ള പേര്, പാസ്‍പോര്‍ട്ട് നമ്പര്‍, പാസ്‍പോര്‍ട്ട് അനുവദിച്ച തീയ്യതി, പാസ്‍പോര്‍ട്ടിന്റെ കാലാവധി കഴിയുന്ന ദിവസം, തൊഴില്‍, ഒമാനില്‍ താമസിക്കുന്നതിന്റെ ഉദ്ദേശം, ഒമാനിലെത്തിയ തീയ്യതി എന്നീ വിവരങ്ങളാണ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആവശ്യം. ഹ്രസ്വകാല സന്ദര്‍ശകര്‍ ഒമാനില്‍ തങ്ങുന്ന കാലയളവും അറിയിക്കണം. ഇതിനുപുറമെ എല്ലാ ഇന്ത്യക്കാരും അവര്‍ ഒമാനില്‍ താമസിക്കുന്ന വിലാസവും എംബസിയെ അറിയിക്കണമെന്നാണ് നിര്‍ദേശം.

ഏന്തെങ്കിലും കാരണവശാല്‍ ഒമാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായം ആവശ്യമുണ്ടാവുകയാണെങ്കില്‍ കാലതാമസം ഒഴിവാക്കാനാണ് വിവരശേഖരണം നടത്തുന്നതെന്ന് എംബസി ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.വിവരശേഖരണം ഫലപ്രദമാക്കുന്നതിന് എംബസിയുടെ വെബ്സൈറ്റ് പരിഷ്കരിക്കും. ജോലി, ഉന്നതപഠനം എന്നിവയ്ക്കായും മറ്റ് ആവശ്യങ്ങള്‍ക്കും ഒമാനില്‍ എത്തുന്ന എല്ലാ ഇന്ത്യക്കാരും സ്വമേധയാ രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.