ഒമാനില്‍ ടാക്സി കാറും ട്രക്കും കൂട്ടിയിടിച്ച് 5 മരണം

ഒമാനില്‍ ടാക്സി കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. സുവൈഖ് റൗണ്ട് എബൗട്ടിന് സമീപം ഞായറാഴ്ച രാവിലെ 10.22നായിരുന്നു അപകടം. രണ്ടു സ്വദേശികളും രണ്ട് ബംഗ്ലാദേശ് പൗരന്മാരും ഒരു ഫിലിപ്പൈനിയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ സുവൈഖ് സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മസ്‍കത്തിലേക്ക് വരികയായിരുന്ന ടാക്സി കാര്‍, കോണ്‍ക്രീറ്റ് മിക്സ്‍ കൊണ്ടുപോവുകയായിരുന്ന ട്രക്കുമായാണ് കൂട്ടിയിടിച്ചത്. അല്‍ ബാത്തിന ഹൈവേയിലേക്ക് ട്രക്കുകള്‍ക്ക് തിരിഞ്ഞുപോകാന്‍ കൃത്യമായ വഴിയില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിയന്ത്രണം വിട്ട ട്രക്ക് മെറ്റല്‍ ബാരിയര്‍ കടന്ന് കാറിനെ ഇടിക്കുകയായിരുന്നു.