ഓൺലൈൻ തട്ടിപ്പിലൂടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യക്ക് 23 ലക്ഷം നഷ്‌ടമായി

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ കോണ്‍ഗ്രസ് എംപിയും പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യയുമായ പ്രണീത് കൗറിന് നഷ്ടപ്പെട്ടത് 23 ലക്ഷം രൂപ. തട്ടിപ്പ് നടത്തിയ ആള്‍ പൊലീസിന്‍റെ പിടിയിലായതായും ഇയാളില്‍ നിന്ന് പണം കണ്ടെടുത്തതായും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് പ്രണീത് കൗര്‍ തട്ടിപ്പിനിരയായത്. എസ്ബിഐ മാനേജര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ കൗറിനെ ഫോണ്‍ വിളിക്കുകയായിരുന്നു.ദില്ലിയില്‍ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു കൗര്‍.  ബാങ്ക് അക്കൗണ്ട് നമ്പരും എടിഎം പിന്‍ നമ്പരും ഒറ്റിപി സന്ദേശവുമടക്കം ചോദിച്ച് മനസ്സിലാക്കിയ പ്രതി പണം തട്ടിയെടുത്തു. 23 ലക്ഷം രൂപ പിന്‍വലിച്ചതായി ഫോണില്‍ സന്ദേശം ലഭിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം പ്രണീത് കൗര്‍ അറിയുന്നത്.

ഉടന്‍ തന്നെ ഇക്കാര്യം സൈബര്‍ സെല്ലില്‍ അറിയിക്കുകയായിരുന്നു. പിന്നീട് ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ റാഞ്ചിയില്‍ വെച്ചാണ് പ്രതി അറസ്റ്റിലായത്.