കനത്ത മഴയിൽ സംസ്ഥാനത്ത് 42 മരണം

9

മലപ്പുറം കവളപ്പാറ ഭുതാനം കോളനി, വയനാട് മേപ്പാടി എന്നിവിടങ്ങളിൽ സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാണിയമ്പലം മുണ്ടേരിയില്‍ 200 ഓളം പേർ കുടുങ്ങിക്കിടക്കുന്നു. യാത്രാ സൗകര്യമില്ല. ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാ പ്രവർത്തനം നടത്താൻ ശ്രമിക്കും. ഭക്ഷണം ഉൾപ്പെടെ എത്തിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കനത്ത മഴ തുടങ്ങി രണ്ട് ദിവസത്തിനിടെ 8 ജില്ലകളിലായി 80 ഇടങ്ങളിൾ ഉരുൾപൊട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വലിയ ഡാമുകളിൽ ഇനിയും ജലം സംഭരിക്കാനാവും. കഴിഞ്ഞ തവണത്തെ നില ഇടുക്കി ഉൾപ്പെടെയുള്ള ഡാമുകളിൽ ഇല്ലെന്നും മുഖ്യമന്ത്രി. പെരിങ്ങൽകുത്ത്, കുറ്റ്യാടി, ബാണാസുര ഡാമുകൾ മാത്രമാണ് നിറഞ്ഞട്ടുള്ളത്. എന്നാല്‍ ഇതിനർത്ഥം ജാഗ്രത പാലിക്കേണ്ട എന്നല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ ഏജന്‍സികൾക്കൊപ്പം മത്സ്യതൊഴിലാളകളും രക്ഷാ പ്രവർത്തനത്തിന് സ്വന്തം ജീവൻ മറന്നുകൊണ്ടുള്ള രക്ഷാ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ബാണാസുര സാഗർ അണക്കെട്ട് മൂന്ന് മണിയോടെ തുറക്കും. ഇതോടെ കൈവഴികളിൽ വെള്ളം പൊങ്ങാൻ സാധ്യതയുണ്ട്. ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയ്യാറാവണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് ഇതുവരെ 42 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. വയനാട്ടില്‍ മാത്രം 11 പേര്‍ മരിച്ചു. കവളപാറയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കിട്ടി. ഇതുവരെ വിവിധ ജില്ലകളിലെ ക്യാമ്പുകളിലായി 108138 പേർ കഴിയുന്നുണ്ട്.

മേപ്പാടിയിൽ ഫയർ ഫോഴ്‌സിന്‍റെ 40 അംഗ സംഘം എത്തിയിട്ടുണ്ട്. പുത്തുമലയുടെ മറു ഭാഗത്തു കുറെ പേർ കുടുങ്ങിയിട്ടുണ്ട്. വയനാട്ടിൽ ഉച്ചക്ക് ശേഷം മഴ കനക്കും. 22999 പേരെ വയനാട്ടിൽ ക്യാമ്പിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു.