കായംകുളം സ്വദേശി ബഹ്‌റൈനിൽ തൂങ്ങി മരിച്ച നിലയിൽ

കായംകുളം സ്വദേശി ഹാരിസ് അബ്ദുൽ ഹക്കിം (32) നെ മുഹറഖിലെ കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെയാണ് ഹാരിസിനെ അദ്ദേഹം ജോലി ചെയ്തിരുന്ന ഗോൾഡൻ ഗോൾ സ്‌പോർട്‌സിനുള്ളിലെ കോണിപ്പടിയിൽ ഘടിപ്പിച്ചിരുന്ന ലോഹ വടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഇദ്ദേഹത്തെ കടയ്ക്ക് വെളിയിൽ കണ്ടതായി സാക്ഷികൾ പറഞ്ഞു. ഉച്ചകഴിഞ്ഞ് സുഹൃത്തുക്കൾ പൂട്ടിയിട്ട കടയുടെ ലോക്ക് പൊളിച്ച് അകത്ത് കയറിയാണ് മൃതദേഹം കണ്ടെത്തിയത്.

കട നിൽക്കുന്ന അതെ ബിൽഡിംഗിലാണ് ഹാരിസ് അമ്മാവനോടൊപ്പം താമസിക്കുന്നത്. ഇത്രയും കടുത്ത നടപടികളിലേക്ക് നയിച്ചേക്കാവുന്ന ഒരു കാരണവും ഹാരിസിനുള്ളതായി അറിയില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുകൾ പറഞ്ഞു. ഹാരിസിന്റെ ഭാര്യയും ആറുവയസ്സുള്ള മകനും നാട്ടിലാണ് താമസം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടക്കുന്നുണ്ടെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. 24 പ്രവാസികളടക്കം ഈ വർഷം ഇതുവരെ ബഹ്‌റൈനിൽ സ്വന്തം ജീവൻ അപഹരിച്ച 26-ാമത്തെ വ്യക്തിയാണ് ഹാരിസ്. അതിൽ 16 പേർ ഇന്ത്യക്കാരാണ്