കാൽ ലക്ഷത്തോളം മലയാളികളാണ് ഈ വർഷം ഹജ്ജ് നിർവഹിക്കാൻ എത്തിയത്

മക്ക: ഹജ്ജ് കർമ്മങ്ങൾ അവസാനിച്ചു. ഈ വർഷം ഹജ്ജ് നിർവ്വഹിക്കാൻ ഒരു ലക്ഷം തീർത്ഥാടകർ കൂടുതലായി എത്തി.

മക്ക ഹറമിൽ നടന്ന പെരുനാൾ നിസ്‌കാരത്തിൽ പങ്കെടുക്കാൻ കല്ലേറു കർമ്മം പൂർത്തിയാക്കിയ ഹജ്ജ് തീർത്ഥാടകരും എത്തിയിരുന്നു. ഇമാം ഷെയ്ഖ് ഡോ. സൗദ് അൽ ശൂറൈൻ പെരുന്നാള്‍ നിസ്‌കാരത്തിന് നേതൃത്വം നൽകി. മസ്‌ജിദുന്നബവിയിൽ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ഷെയ്ഖ് അബ്‍ദുൽബാരി അൽ സുബൈതിയാണ് നേതൃത്വം നൽകിയത്.

മുസ്ദലിഫയിൽ നിന്ന് ശേഖരിച്ച കല്ലുകളുമായാണ് പ്രഭാത നിസ്‌കാരത്തിന് ശേഷം ഹജ്ജ് തീർത്ഥാടകർ ഏറ്റവും വലിയ ജംറയായ ജംറത്തുൽ അഖ്ബയിൽ കല്ലെറിയാനെത്തിയത്. കല്ലേറ് നിർവ്വഹിക്കാൻ ഓരോ രാജ്യക്കാർക്കും പ്രത്യേക സമയവും കടന്നുപോകുന്നതിന് പ്രത്യേക റോഡുകളും നിശ്ചയിച്ചിരുന്നു. ഈ വർഷം ഹജ്ജ് നിർവ്വഹിച്ചത് 24,89,406 പേരാണെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 13,85,234 പേര് പുരുഷന്മാരും 11,04,172 പേര് വനിതകളുമാണ്.

ഹജ്ജ് നിർവ്വഹിച്ചവരിൽ 18,55,027 പേര് വിദേശത്തു നിന്നെത്തിയവരും 6,34,379 പേര് ആഭ്യന്തര തീർത്ഥാടകരുമാണ്. ആഭ്യന്തര തീർത്ഥാടകാരിൽ 60 ശതമാനം പേരും വിദേശികളാണ്. ഇന്ത്യയിൽ നിന്ന് രണ്ടു ലക്ഷത്തോളം തീർത്ഥാടകരാണ് ഈ വർഷം ഹജ്ജ് നിർവ്വഹിക്കാൻ എത്തിയത്. ഇതിൽ 25,000ഓളം മലയാളികളും ഉള്‍പ്പെടുന്നു.