കെവിന്‍ കൊലപാതക കേസില്‍ 10 പേര്‍ കുറ്റക്കാര്‍.

8

കേരളത്തെ നടുക്കിയ കെവിന്‍ കൊലപാതക കേസില്‍ 10 പേര്‍ കുറ്റക്കാര്‍. നാല് പേരെ കുറ്റവിമുക്തരാക്കി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.പൊലീസ് പ്രതി പട്ടികയിൽ കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും, സഹോദരനും ബന്ധുക്കളുമുണ്ടായിരുന്നു. അഞ്ചാം പ്രതി ചാക്കോ ജോണിനെ കോടതി വെറുതെ വിട്ടു. മറ്റന്നാള്‍ ആണ് പ്രതികളുടെ ശിക്ഷയുമായി ബന്ധപ്പെട്ട വിധി പറയുന്നത്.നീനുവിന്‍റെ അച്ഛൻ ചാക്കോ ജോൺ , പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാൻ, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ നാല് പ്രതികളെയാണ് വെറുതെ വിട്ടത്.

18ആം തിയതി പറയാനിരുന്ന വിധി ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. മൂന്ന് മാസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പറഞ്ഞത്.

കോട്ടയം നട്ടാശേരി സ്വദേശിയായ കെവിനെ ദുരഭിമാനത്തിന്റെ പേരില്‍ നീനുവിന്റെ സഹോദരനും കൂട്ടുകാരും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി ചാലിയക്കരയിലെ പുഴയില്‍ മുക്കി കൊന്നുവെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. മൂന്ന് മാസം നീണ്ട വിചാരണ വേളയില്‍ ഇത് തെളിയിക്കാന്‍ 240 പ്രമാണങ്ങളും 55 രേഖകളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. 113 സാക്ഷികളെ വിസ്തരിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തലും വിശദമായി പരിശോധിച്ചു. നരഹത്യ, തട്ടിയെടുത്ത് വിലപേശല്‍ , ഗൂഢാലോചന, ഭവനഭേദനം, തെളിവ് നശിപ്പിക്കല്‍ എന്നിങ്ങനെ 10 വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്.