കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ദുരൂഹത : ഫോൺ എവിടെ?

15

തിരുവനന്തപുരം:ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പരാതിക്കാരന്‍റെ മൊഴി വൈകിയതുകൊണ്ടാണ് പ്രതിയുടെ രക്തപരിശോധന വൈകിയതെന്ന പൊലീസ് വാദം തള്ളി സിറാജ് മാനേജ്‍മെന്‍റ്. കൃത്യസമയത്ത് തന്നെ മൊഴി നൽകിയിട്ടുണ്ട്. വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ബഷീറിന്‍റെ കാണാതായ ഫോണിന് പിന്നിൽ പല ദുരൂഹതകളും നിലനിൽക്കുന്നുണ്ടെന്നും സിറാജ് മാനേജ്‍മെന്‍റ് ആരോപിക്കുന്നു.

”എഫ്ഐആറിൽ കമ്പ്യൂട്ടറിൽ എല്ലാ കോളവും പൂരിപ്പിച്ച് ഹരിലാൽ എന്ന എസ്ഐ പ്രിന്‍റൗട്ടെടുക്കുന്ന സമയമാണ് രാവിലെ 7.26 – എന്നത്. ഞാൻ മൊഴി കൊടുക്കുന്നത് പുലർച്ചെ നാല് മണിക്കാണ്. അപകടം നടക്കുന്നത് പുലർച്ചെ 1 മണിയോടെയും. അപ്പോൾ എന്‍റെ മൊഴി കേട്ട പൊലീസ് എന്തുകൊണ്ട് ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധന നടത്താൻ നിർദേശിച്ചില്ല”, പരാതിക്കാരനായ സൈഫുദ്ദീൻ ഹാജി ചോദിക്കുന്നു.

കെ എം ബഷീറിന് രണ്ട് ഫോണുകളാണ് ഉണ്ടായിരുന്നത്. ഒന്ന് സാധാരണ ഫോണും, മറ്റൊന്ന് സ്മാർട്ട് ഫോണും. സാധാരണ ഫോൺ തകർന്ന നിലയിൽ അപകടം നടന്നയിടത്ത് നിന്ന് കിട്ടി. സ്മാർട്ട് ഫോൺ കാണാനില്ലായിരുന്നു. ആ ഫോൺ ഒരു മണിക്കൂറിനുള്ളിൽ ആരോ ഉപയോഗിച്ചിട്ടുണ്ട്. അതാരാണെന്ന് കണ്ടെത്തണം. സംഭവത്തിൽ ദുരൂഹതയുണ്ട്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും സിറാജ് മാനേജ്‍മെന്‍റ് ആവശ്യപ്പെടുന്നു.

തന്‍റെ ഭാഗം കേൾക്കാതെയാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് സൈഫുദ്ദീൻ ഹാജി.

”വാദിയുടെ ഭാഗം കേൾക്കേണ്ട അന്വേഷണ സംഘം ചെയ്തിട്ടില്ല. അത് തീർത്തും ദൗർഭാഗ്യകരമാണ്”.

പൊലീസിന്‍റെ വിചിത്രവാദം

ഇന്നലെയാണ് തീർത്തും വിചിത്രവാദവുമായി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ബഷീറിന്‍റെ മരണത്തില്‍ പരാതിക്കാരൻ മൊഴി നൽകാൻ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്നാണ്  റിപ്പോർട്ട്. പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തമെടുക്കാൻ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീൻ തറയിൽ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിറാജ് പത്രത്തിന്‍റെ മാനേജർ സൈഫുദ്ദീൻ ഹാജി നൽകിയ ഹർജി തളളണമെന്നാവശ്യപ്പെട്ടാണ് പുതിയ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ബഷീർ മരിച്ചശേഷം സിറാജ് പത്രത്തിന്‍റെ മാനേജറുടെ മൊഴി വൈകിയതാണ് രക്തപരിശോധന വൈകുവാൻ കാരണമായതെന്ന പുതിയ ന്യായീകരണമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. പ്രാഥമിക അന്വേഷണത്തിൽ പൊലീസ് നടത്തിയ അട്ടിമറികള്‍ മറച്ചുവയ്ക്കുന്നതാണ് പ്രത്യേക സംഘത്തിന്‍റെ പുതിയ റിപ്പോർട്ട്.

സൈഫുദ്ദീൻ ഹാജി ആദ്യം മൊഴി നൽകാനായി തയ്യാറായില്ലെന്നും ശ്രീറാമിന്‍റെ കൂടെ സഞ്ചരിച്ചിരുന്ന വഫ ഫിറോസിന്‍റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നൽകൂ എന്ന് പറഞ്ഞുവെന്നും പിന്നീട് സൈഫുദ്ദീൻ ഹാജി മൊഴി നൽകിയ ശേഷം മാത്രമേ ശ്രീറാമിന്‍റെ രക്തമെടുക്കാൻ കഴിഞ്ഞുള്ളൂവെന്നുമാണ് വിശദീകരണം.

പല കുറി ജനറൽ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാൽ ഡോക്ടർ ഇതിന് തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു അപകടമുണ്ടായി മരണമുണ്ടായാൽ പൊലീസിന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്നിരിക്കെയാണ് പൊലീസ് വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

കേസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ മ്യൂസിയം പൊലീസിന് വളരെ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ഇതേ തുടർന്ന് മ്യൂസിയം എസ്ഐ ജയപ്രകാശിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. രക്ത പരിശോധന നടത്തുന്നതിലും എഎഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലും കാലതാമസമുണ്ടായെന്നും സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതിൽ വീഴ്ചയുണ്ടായെന്നുമായിരുന്നു വിമ‍ർശനം. ഈ കാര്യങ്ങളെല്ലാം ന്യായീകരിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. അതായത് ശ്രീറാമിനെ സ്വകാര്യ ആശുപത്രിലേക്ക് വിട്ടയച്ചതൊഴിച്ചാൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസിന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന നിഗമനത്തിലേക്കാണ് പ്രത്യേക സംഘവും നീങ്ങുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വൈദ്യ പരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ വീഴ്ചയാണെന്ന് അന്ന് കോടതി വിമര്‍ശിച്ചിരുന്നു. ശ്രീറാം മദ്യപിച്ചതായി സാക്ഷി മൊഴി മാത്രമാണുള്ളത്, രേഖകളുടെ തെളിവില്ല.

രക്‌തത്തിൽ മദ്യത്തിന്‍റെ അംശമുണ്ടായിരുന്നു എന്നതിന് തെളിവില്ലാത്തതിനാൽ വകുപ്പ് 304 നിലനിൽക്കുമെന്ന് പറയാനാകില്ലെന്നും. അന്വേഷണത്തിൽ പോലീസ് പ്രൊഫഷനലിസം കാണിച്ചില്ലെന്നുമായിരുന്നു ഹൈക്കോടതി വിമർശനം. അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിന് പോലീസിന് വ്യക്തമായ പദ്ധതിയില്ല എന്നും കോടതി വിമർശിച്ചിരുന്നു.