കേട്ടറിഞ്ഞിതിനേക്കാൾ പതിന്മടങ്ങു നിഷ്‌കളങ്കതയും സത്യസന്ധതയും ആത്മാർത്ഥതയുമുള്ള വ്യക്തിയാണ് നൗഷാദെന്ന് പ്രവാസി സംരഭകൻ അഫി അഹമ്മദ്

നൗഷാദിനെ കുറിച്ച് നമ്മൾ കേൾക്കുന്ന ആയിരം നന്മകളേക്കാൾ പതിന്മടങ്ങു നിഷ്‌കളങ്കതയും സത്യസന്ധതയും ആത്മാർത്ഥതയും സഹജീവിസ്നേഹവും ത്യാഗ സന്നദ്ധതയും നേരിട്ട് കണ്ടപ്പോൾ ബോധ്യമായെന്ന് അഫി അഹമ്മദ് പറയുന്നു . നൗഷാദിൻ്റെ കാര്യങ്ങൾ കേട്ടറിഞ്ഞ അഫി അഹമ്മദ് ദുബായിൽ നിന്ന് എറണാകുളത്ത് നേരിൽ കാണാൻ എത്തിയതാണ്. ഇത്രയും നന്മ ചെയ്യുന്ന നൗഷാദ് തന്നെ അമ്പരപ്പെടുത്തിയെന്ന് അഫി .

നൗഷാദും ഒരു പ്രവാസിയായിരുന്നു. സൗദിയിലെ നിതാഖാത് പരിഷ്‌കാരങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ട ഒരു സാധാരണ പ്രവാസി . ദുഷ്ട ലാക്കോടെ ഒരു പ്രവൃത്തിയും ചെയ്യാത്ത തികഞ്ഞ നിഷ്കളങ്കൻ . നിങ്ങൾ ഒന്ന് പറഞ്ഞാൽ അത് വിശ്വസിക്കും . മറ്റൊരാൾ മറ്റൊന്ന് പറഞ്ഞാൽ അതും കേൾക്കും . അല്ലാതെ അതിലെ നന്മ തിന്മകൾ വേർതിരിച്ചുമനസ്സിലാക്കി , ഒരു കച്ചവട ലക്ഷ്യത്തോടെ ബന്ധങ്ങളെ ഇഴ പിരിച്ചുനോക്കാനൊന്നും മെനക്കെടാതെ എല്ലാം വിധിയ്ക്ക് വിട്ടുകൊടുത്തുകൊണ്ട് നേരെ വാ നേരെ പോ എന്ന സിദ്ധാന്തവുമായി ജീവിക്കുന്ന ഒരു പച്ച മനുഷ്യൻ . കച്ചവടക്കാരൻ എന്നൊന്നും നൗഷാദിനെ വിളിക്കാനാവില്ല , നൗഷാദ് എന്ത് വേദന കണ്ടാലും അലിഞ്ഞുപോകുന്ന കരളുമായി ജീവിക്കുന്ന മനുഷ്യസ്‌നേഹിയാണ് .
ത ൻ്റെ ഇല്ലായ്‌മകളും വല്ലായ്‌മകളും ആരെയും അറിയിക്കാതെ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ എല്ലാവർക്കും ഉള്ളതെല്ലാം വാരിക്കോരിക്കൊടുക്കുന്ന മനസ്സ് .
ഇപ്പോഴും വാടക വീട്ടിൽ . ഭാര്യയും മക്കളും ജീവിതത്തിലെ ഏറ്റവും വലിയ നിധിയായികണ്ടു ജീവിക്കുന്ന ഒരാൾ . അവർക്ക് തിരിച്ചും അങ്ങനെ തന്നെ. നൗഷാദിക്ക മനസ്സിൽ കരുതുന്നതിനപ്പുറം മറ്റൊന്നില്ല. നല്ല അനുസരണയുള്ള മക്കളും.
വേദനകളിൽ സഹായിക്കാനും വിതുമ്പാനും മനസ്സുള്ള പ്രവാസിയുടെ ഹൃദയം നൗഷാദിൽ നേരിട്ട് കാണാം . കടയിലുള്ള മുഴുവൻ സാധനങ്ങളും എടുത്തുകൊടുത്താലും മതിയാകാത്ത സ്നേഹാനുഭൂതി സൂക്ഷിക്കുന്ന ഒരാൾ . നാളെ അതുകൊണ്ട് എന്ത് നഷ്ടം ജീവിതത്തിൽ ഉണ്ടാകുമെന്നും ആലോചിക്കാൻ നിൽക്കുന്ന പ്രകൃതമല്ല . ഇന്ന് ആരുടെയെങ്കിലും ബുദ്ധിമുട്ടുകൾ താൻ കാരണം എങ്ങനെയെങ്കിലും തീർക്കാൻ പറ്റുമെങ്കിൽ അതുമാത്രം ചിന്തയിൽ വയ്ക്കുന്ന വ്യക്തി . ഈ ദാന മനസ്സ് കണ്ടുശീലിച്ച ഭാര്യക്കും മക്കൾക്കും ഇപ്പോൾ ഉണ്ടായ സംഭവത്തിൽ യാതൊരു അത്ഭുതവും തോന്നുന്നില്ല . ചെയ്യുന്ന നന്മകൾ ആരെയും അറിയിക്കാതെ സൂക്ഷിക്കുന്ന നൗഷാദ് തിരികെ ഒന്നും പ്രതീക്ഷിക്കാതെയാണ് ഈ സഹാനുഭൂതി പ്രകടിപ്പിക്കുന്നതെന്ന് അഫി ഓർക്കുന്നു.
ഭാര്യക്കും മക്കൾക്കും പാസ്പോർട്ട് ഇല്ല . യു എ ഇ യിലെ മലയാളികൾ കാണാൻ കാത്തിരിക്കുന്നു എന്ന് അഫി നൗഷാദി ൻ്റെവീട്ടിൽ എത്തി അറിയിക്കുമ്പോഴും താൻ ഈ കുടുംബത്തെ കൂട്ടിക്കൊണ്ട് ദുബായിലേക്ക് പോകാൻ വന്നതാണെന്ന് പറയുമ്പോഴും അതിലൊന്നും അത്ഭുതം കാണാതെ പ്രാർത്ഥനയുടെ സായൂജ്യം പോലെ നിഷ്കളങ്ക മനസ്സുമായി പുഞ്ചിരിക്കുകയാണ് നൗഷാദ് എന്ന് അഫി പറയുന്നു.
നൗഷാദി ൻ്റെ സന്ദർശനം നന്മ ചെയ്യാൻ എപ്പോഴും മുന്നിലുള്ള പ്രവാസികൾക്ക് കൂടുതൽ ഊർജ്ജം പകരാൻ ഉപകരിക്കുമെന്ന് പറഞ്ഞതുകൊണ്ടുമാത്രം സന്തോഷത്തോടെ വരാം എന്ന് സമ്മതിച്ചു.
പ്രാരാബ്ധങ്ങൾ ഉള്ളിലൊതുക്കുന്ന പ്രകൃതം , ആരോടും ഒന്നും ചോദിച്ചു വാങ്ങില്ല , എല്ലാം കൊടുത്തുമാത്രം ശീലം , സ്വന്തം വീട്ടിലേയ്ക്ക് അമൂല്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ പോലും മറ്റൊരാൾക്ക് അത്യാവശ്യത്തിന് ഉപകാരപ്പെടുമെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാതെ എടുത്തു കൊടുക്കുന്ന രീതി – ഇങ്ങനെ നന്മകളുടെ ഒരു പാടശേഖരം ആണ് നൗഷാദിൻ്റെ പുഞ്ചിരിയിൽ വിളഞ്ഞുനിൽക്കുന്നതെന്ന് അഫി അഹമ്മദ് പറയുന്നു.

അടുത്ത ദിവസം നൗഷാദിൻ്റെ പുതിയ കട എറണാകുളത്ത് തുടങ്ങാൻ ഇരിക്കവേ കളക്ടർ അടക്കം വരുമെന്ന് അറിഞ്ഞിട്ടും അതൊന്നുമല്ല നൗഷാദിന് ചിന്ത , തൻ്റെ വസ്ത്രങ്ങൾ അർഹതപ്പെട്ട ആളുകൾക്ക് ഇനിയും എത്തിക്കാൻ എന്തുചെയ്യണമെന്നാണ് നൗഷാദ് ആലോചിക്കുന്നതെന്ന് അഫി പറയുന്നു . ഇതിലൂടെ വന്ന പ്രശസ്തിയൊന്നും നൗഷാദിനെ മാറ്റിയിട്ടില്ല . അതൊന്നും നൗഷാദ് ആഗ്രഹിക്കുന്നില്ല . ഇതൊക്കെ ഇങ്ങനെ സംഭവിച്ചു പോയെന്ന് മാത്രം.
നൗഷാദിനെ വീട്ടിൽ പോയി കണ്ടത് അസാധാരണമായ അനുഭവമാണ് നൽകിയതെന്ന് അഫി. ഉറങ്ങാൻ കഴിയാത്ത ഒരു മാനസികാവസ്ഥ നൗഷാദ് തന്നെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് സമ്മാനമായി നൽകുന്നു . ഈ പച്ചമനുഷ്യൻ നമ്മളെ മനസ്സിലേക്ക് പിടിച്ചുവലിയ്ക്കും . കാപട്യങ്ങളും നാട്യങ്ങളും ഒന്നും ഏൽക്കാത്ത ഒരു മനസ്സ് ..
ഏതായാലും നൗഷാദിനെയും കുടുംബത്തെയും ദുബായിൽ കൊണ്ടുവരുന്ന ആ സുന്ദര മുഹൂർത്തം പെട്ടെന്ന് സാക്ഷാൽക്കരിക്കാൻ അഫി ശ്രമിക്കുകയാണിപ്പോൾ . ഒരു നിഷ്ക്കളങ്ക മനുഷ്യൻ തൻ്റെ മനസ്സിന് നൽകിയ സ്വപ്‌നാടനം സന്തോഷത്തിന്റെയും സന്താപത്തിന്റെയും പുതിയ അന്തരീക്ഷം സൃഷ്ടിക്കുയാണെന്ന് അഫി പറഞ്ഞുനിർത്തി. കട തുറക്കാൻ നേരം ആദ്യ വരിയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങാൻ വേണ്ടി കണ്ണൂരിൽ നിന്നും ഇന്ന് രാത്രി വീണ്ടും അഫി എറണാകുളത്തേക്ക് പുറപ്പെടുകയാണ് .ഓരോ പ്രവാസിയും നേരിൽ കാണുമ്പോൾ തങ്ങളിൽ ഒരുവനാണെന്നും തങ്ങൾ തന്നെയെന്നും തോന്നുന്ന പ്രകൃതമാണ് നൗഷാദിനെന്നും അഫി അടിവരയിടുന്നു.