കേരളത്തിൽ ശക്തമായ മഴ തുടരുന്നു : സർക്കാർ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി

 സംസ്ഥാനത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത അടിയന്തര യോഗം അവസാനിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.വടക്കൻ ജില്ലകളിലും ഇടുക്കി ജില്ലയടക്കം മലയോര മേഖലയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലും ജനജീവിതം തന്നെ ദുസ്സഹമാക്കിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. നിരവധി പേരെ മാറ്റിപ്പാർപ്പിക്കേണ്ടിവന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രക്ഷാ പ്രവർത്തനങ്ങൾ വിലയിരുത്താനും ഏകോപിപ്പിക്കാനും മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ച് ചേർത്തത്.

മഴ തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻ.ഡി.ആർ.എഫ്) പത്തു ടീമിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ തന്നെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ഓരോ ടീമിനെ അയച്ചു കഴിഞ്ഞു. ആവശ്യപ്പെട്ട പത്തിൽ ഏഴു ടീമിനെ കൂടി ഇന്ന് വൈകിട്ട് ലഭിക്കും. തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമർജൻസി ഓപ്പറേഷൻ സെൻറർ പ്രവർത്തനസജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാൻ അവിടേക്ക് പോലീസ്, ഫയർഫോഴ്‌സ്, റവന്യൂ, എൻ.ഡി.ആർ.എഫ് എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളെ കൂടി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് നാല് ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം കൊല്ലം ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ഓറഞ്ച് അലർട്ടും നിലവിലുണ്ട്. എന്നാൽ നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പ്രധാനപ്പെട്ട അണക്കെട്ടുകളിൽ സംഭരണശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമെ വെള്ളമുള്ളുവെന്നതിനാൽ ജലനിരപ്പുയരുമെന്ന ആശങ്ക വേണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ