ക്യാമ്പിൽ അരിയെത്തിച്ച ഓട്ടോയ്ക്ക് കൂലി നല്‍കാനാണ് പിരിവ് നടത്തിയത് : ഓമനകുട്ടനോട്‌ ക്ഷമ ചോദിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി

ദുരിതാശ്വാസ ക്യാമ്പിൽ പണപ്പിരിവ് നടത്തിയ സംഭവത്തിൽ പ്രതികരണവവുമായി സിപിഎം ലോക്കൽ കമ്മിറ്റിയംഗം ഓമനക്കുട്ടന്‍. തൻ്റെ സത്യസന്ധത സര്‍ക്കാര്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്ന് ഓമനക്കുട്ടൻ പറഞ്ഞു. സിപിഎമ്മിനെതിരായ വാര്‍ത്ത സര്‍ക്കാരിനെതിരെ തിരിച്ചുവിടുകയായിരുന്നുവെന്നും സിപിഎമ്മുകാരനെന്ന നിലയില്‍ അഭിമാനമുണ്ടെന്നും ഓമനക്കുട്ടന്‍ വ്യക്തമാക്കി. ഓമനക്കുട്ടനോട് ക്ഷമ ചോദിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണം.

ക്യാമ്പില്‍ പണം പിരിച്ചുവെന്ന തരത്തില്‍ ആരോപണം ഉയര്‍ന്നതില്‍ മനോവിഷമമില്ല. എന്താണ് നടന്നതെന്ന് സര്‍ക്കാരിന് ബോധ്യമായെങ്കില്‍ അതില്‍ താന്‍ സന്തോഷവാനാണ്. ഞാന്‍ ചെയ്തത് ഇവിടുത്തെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ടെന്ന് ഓമനക്കുട്ടന്‍ പറഞ്ഞു. പാര്‍ട്ടിയേയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ വേണ്ടിയുള്ള നടപടിയാണെന്നും വീഡിയോ പ്രചരിപ്പിച്ചത് ബോധപൂര്‍വം ആയിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎമ്മുകാരന്‍ ആയതിനാലാണ് ഇങ്ങനെയൊരു നടപടിയടക്കം നേരിടേണ്ടി വന്നത്. മറ്റൊരു പാര്‍ട്ടിയിലും ഇങ്ങനെയൊന്നും നടക്കില്ല. അക്കാര്യത്തിൽ തനിക്ക് അഭിമാനമുണ്ട്. തനിക്കെതിരെ പാർട്ടി ആദ്യം സ്വീകരിച്ച നടപടി അംഗീകരിച്ചതു പോലെ ഇപ്പോള്‍ എടുത്ത നടപടിയും അംഗീകരികരിക്കുന്നുവെന്നും ഓമനക്കുട്ടൻ കൂട്ടിച്ചേർത്തു.

ഓമനക്കുട്ടന്‍റെ പ്രവൃത്തിയിലെ ഉദ്ദേശ്യശുദ്ധിയും സത്യസന്ധതയും ബോധ്യപ്പെട്ടെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു ഫേസുബുക്കിൽ കുറിച്ചിരുന്നു. മനുഷ്യത്വപരമായ കാര്യം മാത്രമാണ് ഓമനക്കുട്ടന്‍ ചെയ്തത്. ക്യാംപില്‍ അരിയെത്തിച്ച ഓട്ടോയ്ക്ക് കൂലി നല്‍കാനാണ് തുച്ഛമായ തുക പിരിച്ചതെന്നും ഓമനക്കുട്ടനെതിരെ റവന്യൂവകുപ്പ് പൊലീസിൽ നൽകിയ പരാതി പിന്‍വലിക്കും എന്നുമായിരുന്നു റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്