കുവൈത്ത് സിറ്റി: ജീവിതച്ചെലവു വർദ്ധനവ് മൂലം പ്രവാസികൾ കുടുംബത്തെ നാട്ടിലയച്ച് ബാച്ചിലർ മുറികളിൽ താമസിക്കുന്നത് വ്യാപകമായി. അത്ര പഴക്കമില്ലാത്ത ഫർണിച്ചറുകൾ എടുക്കാനാളില്ലാതെ മാലിന്യക്കൂമ്പാരങ്ങളിൽ ഉപേക്ഷിച്ചാണ് ആളുകൾ നാടുവിടുന്നത്.വരുമാനം കുറയുന്നതിനൊപ്പം ജീവിതച്ചെലവ് വൻതോതിൽ കൂടിയ പശ്ചാത്തലത്തിൽ കുടുംബമൊന്നിച്ച് താമസിക്കുന്ന പലരും മാറിച്ചിന്തിക്കുന്ന പ്രവണത കാണുന്നു. ജോലി സംബന്ധിച്ച അനിശ്ചിതത്വം മൂലം അടുത്ത അധ്യയന വർഷത്തിൽ കുട്ടികളെ കുവൈത്തിലെ സ്കൂളുകളിൽ ചേർക്കാൻ ആളുകൾ ഭയക്കുന്നുണ്ട്. കുവൈത്തിൽ ഇടക്കുവെച്ച് കുട്ടികളെ മാറ്റിച്ചേർക്കൽ ബുദ്ധിമുട്ടായതിനാലാണിത് .ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞത് എണ്ണ ഉൽപാദക രാജ്യങ്ങളുടെ സാമ്പത്തിക കരുത്തിനെ ക്ഷയിപ്പിച്ചിട്ടുണ്ട്. വിപണിയിലും ഇതിെൻറ പ്രതിഫലനമുണ്ട്. നിർമാണ മേഖലയിലും മറ്റ് ഉൽപാദന മേഖലകളിലും മാത്രമല്ല വ്യാപാരരംഗത്തും ഇതിന്റെ അലയൊലികൾ കാണാം. വാടകക്ക് ആളെ തേടിയുള്ള ബോർഡുകൾ കൂടിവരുകയാണ്. ഇൗവർഷം സ്കൂൾ അടച്ചതോടെ കുവൈത്ത് വിട്ട കുടുംബങ്ങളിൽ വലിയൊരു വിഭാഗം തിരിച്ചുവരുന്നില്ല എന്നാണ് വിവരങ്ങൾ. രാജ്യത്ത് വ്യാപകമായി അപ്പാർട്ട്മെൻറുകൾ ഒഴിഞ്ഞുകിടക്കുന്നു.ജീവിതച്ചെലവുകൾ വർധിച്ചതിനാൽ വിദേശികൾ കുടുംബങ്ങളെ നാട്ടിലേക്ക് പറഞ്ഞുവിട്ടതാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്. ഫഹാഹീൽ, ജലീബ് അൽ ശുയൂഖ്, മംഗഫ്, അബൂഹലീഫ, സാൽമിയ, ഖൈത്താൻ എന്നിവിടങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകൾ നിരവധിയാണ്. താമസക്കാരെ കിട്ടാത്തതിനാൽ സാൽമിയ, ഹവല്ലി പോലുള്ള സ്ഥലങ്ങളിൽ അധികൃതർ ഫ്ലാറ്റ്വാടക കുറച്ചിട്ടുണ്ട്. വാടകക്ക് ആളെ ആവശ്യമുണ്ടെന്ന ബോർഡുകൾ മിക്ക കെട്ടിടങ്ങളുടെയും മുന്നിലുണ്ട്. ഇതിനിടയിലും പുതിയ ഫ്ലാറ്റ് സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നുവെന്നതാണ് കൗതുകം.