ചേർത്തലയിൽ ദുരിതാശ്വാസ ക്യാമ്പിൽ സി.പി.എം നേതാവിന്റെ പണപ്പിരിവ്

9

ചേർത്തല ദുരിതാശ്വാസ ക്യാമ്പില്‍ സി.പി.എം പ്രാദേശിക നേതാവിന്റെ പണപ്പിരിവ്. ചേർത്തല തെക്ക് പഞ്ചായത്തിലെ ക്യാമ്പിലാണ് സി.പി.എം കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനകുട്ടന്‍ പിരിവ് നടത്തിയത്.

സിവില്‍ സപ്ലൈസ് ഗോഡൗണില്‍നിന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിച്ച വാഹനത്തിന്റെ വാടകയെന്ന പേരിലാണ് സി.പി.എം. പ്രാദേശിക നേതാവ് പിരിവ് നടത്തിയത്. ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നതിനും വൈദ്യുതിക്കും ഇയാള്‍ പിരിവ് ആവശ്യപ്പെട്ടു.  ക്യാംപ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നത് ഇതിനും ക്യാമ്പിൽ ഉള്ളവർ പിരിവ് നല്‍കണമെന്നും  ഇയാൾ ക്യാംപിലുള്ളവരോട് പറഞ്ഞു.

വീഡിയോ പുറത്തുവന്നതോടെ ദുരിതാശ്വാസക്യാംപില്‍ പണപ്പിരിവ് നടത്തിയെന്ന് ഓമനക്കുട്ടന്‍ തന്നെ വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തത് കൊണ്ടാണ് പിരിവ് നടത്തി ദുരിതാശ്വാസ ക്യാംപിലെ ആവശ്യങ്ങള്‍ താന്‍ നടപ്പാക്കിയതെന്നാണ് ഓമനക്കുട്ടന്‍ പറഞ്ഞത്. എന്നാല്‍ ക്യാമ്പിലേക്കുള്ള എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുന്നുണ്ടെന്നും പണപ്പിരിവ് നിയമവിരുദ്ധമാണെന്നും തഹസില്‍ദാര്‍ പറഞ്ഞു. അതേസമയം ക്യാമ്പില്‍ സൗകര്യമില്ലെന്നാണ് ക്യാമ്പില്‍ കഴിയുന്നവര്‍ പറയുന്നത്. തുടർന്ന് ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.