ചൈനയിൽ ചുഴലിക്കാറ്റ് : 22 മരണം

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 22 പേര്‍ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ഏകദേശം ഒരുലക്ഷം പേരെ അപകടമേഖലകളില്‍നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വെന്‍സു മേഖലയില്‍ വലിയ രീതിയില്‍ മണ്ണിടിച്ചിലുണ്ടായി. ശനിയാഴ്ച രാവിലെയാണ് 187 കിലോമീറ്റര്‍ വേഗതയിലെത്തിയ ലെകിമ കര തൊട്ടത്.

നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ വീണ് വൈദ്യുതി ബന്ധം താറുമാറായി. വിമാന, ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കി. കരതൊട്ട ചുഴലിക്കാറ്റിന്‍റെ വേഗതകുറഞ്ഞെങ്കിലും കനത്ത പേരാരിയും വെള്ളപ്പൊക്കവും നാശം വിതച്ചു. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നു. ഷാങ്ഹായില്‍ മാത്രം 2.5 ലക്ഷം പേരെ ഒഴിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചൈനയിലെ ഈ വര്‍ഷത്തെ ഏറ്റവും തീവ്രതയേറിയ ചുഴലിയാണ് വീശിയത്.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് നോര്‍ത്ത് മാരിയാന ദ്വീപുകളിലും ശക്തമായ മഴപെയ്തു. ഇപ്പോള്‍ വടക്ക്-പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയ ലെകിമ അടുത്ത ആഴ്ച ജപ്പാനില്‍ വീശുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

.