തിരുവനന്തപുരത്ത് നിന്ന് വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്ന് ഇത്തിഹാദ്

7

കൊച്ചി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ എല്ലാ സര്‍വീസുകളും താത്കാലികമായി റദ്ദാക്കിയതായി ഇത്തിഹാദ് എയര്‍വേയ്സ് അറിയിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്നുള്ള EY272, EY273 സര്‍വീസുകള്‍ക്കാണ് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാനാവുന്ന വലിയ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. കൊച്ചിയില്‍ നിന്നുള്ള വിമാനങ്ങളില്‍ പോകേണ്ടിയിരുന്ന പരമാവധി യാത്രക്കാരെ കൊണ്ടുപോകുന്നതിനായി തിരുവനന്തപുരത്ത് നിന്ന് അധിക സര്‍വീസുകള്‍ നടത്തും. ഈ സൗകര്യം ഉപയോഗിക്കാന്‍ താല്‍പര്യമുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ പുനഃക്രമീകരിക്കാനുള്ള ചാര്‍ജുകള്‍ ഒഴിവാക്കി നല്‍കും. എന്നാല്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ എത്തിച്ചേരണം. ടിക്കറ്റ് ബുക്കിങ് പുനഃക്രമീകരിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഇത്തിഹാദിന്റെ ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടാം. ഫോണ്‍: +971 600 555 666