ദന്താശുപത്രിയില്‍ വെച്ച് കുട്ടി മരിച്ചു : ഡോക്ടർക്ക് കടുത്ത നിർദേശം

10

ചികിത്സയ്ക്കിടെ ദന്താശുപത്രിയില്‍ വെച്ച് കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം. വിശദാംശങ്ങള്‍ പരിശോധിക്കാനായി സ്വതന്ത്ര കമ്മിറ്റിയെ നിയോഗിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു. ഫഹാഹീലിലെ ദന്തല്‍ ക്ലിനിക്കില്‍ വെച്ചായിരുന്നു മരണം.

കുവൈത്ത് സര്‍വകലാശാലയിലെ ദന്തരോഗ വിഭാഗത്തില്‍ നിന്നുള്ള വിദഗ്‍ദ്ധര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയെ അന്വേഷണത്തിനായി നിയോഗിച്ചുവെന്നും ഇവരുടെ അന്വേഷണം പൂര്‍ത്തിയായ ശേഷം റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടര്‍ രാജ്യം വിട്ടുപോകുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഡോക്ടറെ ജോലിയില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്തിരിക്കുകയാണ്.

ജനങ്ങളുടെ സുരക്ഷാസംബന്ധമായ കാര്യങ്ങളില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചകളുണ്ടാവില്ലെന്ന് ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നുള്ള പിഴവുകളോ അശ്രദ്ധയോ അനുവദിക്കാനാവില്ല. കുട്ടിയുടെ മരണത്തില്‍ ഡോക്ടറുടെയോ മറ്റോ അശ്രദ്ധയുണ്ടായിട്ടുണ്ടെന്ന് വ്യക്തമായാല്‍ നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.