ദുബായ്: 42 ഇന്ത്യക്കാര്‍ പിരിവിട്ട് വാങ്ങിയ ടിക്കറ്റിന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം. 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക. 10 ഇന്ത്യക്കാര്‍ ചേര്‍ന്നുവാങ്ങിയ മറ്റൊരു ടിക്കറ്റിനും ഏഴ് കോടിയുടെ സമ്മാനം ലഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നടന്ന നറുക്കെടുപ്പിലാണ് ആകെ 42 ഇന്ത്യക്കാരെ ഭാഗ്യം തേടിയെത്തിയത്.
റാസല്‍ഖൈമയില്‍ ദീര്‍ഘകാലമായി താമിസിക്കുന്ന അനു സുധാകര്‍ വാങ്ങിയ 2686-ാം നമ്പര്‍ ടിക്കറ്റിനാണ് ആദ്യ സമ്മാനം. 47കാരനായ ഇദ്ദേഹമായിരുന്നു 42 പേരടങ്ങിയ സംഘത്തിന്റെ തലവന്‍. ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹവും സുഹൃത്തുക്കളും ടിക്കറ്റെടുത്തത്. ഓരോരുത്തരും 25 ദിര്‍ഹം വീതമിട്ടാണ് ടിക്കറ്റ് വിലയായ 1000 ദിര്‍ഹവും നികുതിയും ഉള്‍പ്പെടെയുള്ള പണം കണ്ടെത്തിയത്. സമ്മാനം കിട്ടിയപ്പോള്‍ ഓരോരുത്തര്‍ക്കും 87,381 ദിര്‍ഹം വീതം (17 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പങ്കിട്ടെടുക്കാനാവും.