തിരുവനന്തപുരം: കേരള പി.എസ്.സി പരീക്ഷാ തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനം. 2018 ജൂണ്‍ 22-ന് നടന്ന കോൺസ്റ്റബിൾ പരീക്ഷയുടെ റാങ്ക് പട്ടികയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈൽ വിവരങ്ങൾ പരിശോധിക്കുമെന്ന് പി.എസ്.സി ചെയര്മാന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊലീസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ റാങ്ക് ലിസ്റ്റുകളില്‍ നിന്നുള്ള നിയമനം മരവിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യൂണിവേഴ്സിറ്റി കോളേജിലെ കുത്ത് കേസില്‍ പ്രതികളായ മുൻ എസ്.എഫ്.ഐ നേതാക്കളായ മൂന്ന് പേരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ പി.എസ്.സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയതായി ബോധ്യപ്പെട്ടതെന്ന് പി.എസ്.എസി ചെയര്മാന് വ്യക്തമാക്കി. പരീക്ഷ എഴുതിയ 22 പേരോളം ഉദ്യോഗാര്‍ത്ഥികളുടെയും ഇന്‍വിജിലേറ്റര്‍മാരുടെയും പരീക്ഷാ ഉദ്യോഗസ്ഥരുടെയും മൊഴി പി.എസ്.സി ആഭ്യന്തര വിജിലന്‍സ് വിഭാഗം രേഖപ്പെടുത്തിയിരുന്നു. പരീക്ഷയില്‍ ക്രമക്കേടുകള്‍ നടന്നില്ലെന്നാണ് ഇവരെല്ലാം മൊഴി നല്‍കിയത്. തുടര്‍ന്നാണ് പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ പി.എസ്.സി തീരുമാനിച്ചത്. ഇത് പരിശോധിച്ചപ്പോഴാണ് പരീക്ഷ തുടങ്ങിയ ശേഷം പ്രതികളുടെ മൊബൈല്‍ നമ്പരിലേക്ക് നിരന്തരം സന്ദേശങ്ങള്‍ എത്തിയതെന്ന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് പി.എസ്.സിയുടെ ചട്ടമനുസരിച്ച് ഇവരെ പരീക്ഷയില്‍ അയോഗ്യരാക്കാന്‍ തീരുമാനിച്ചു.
ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണം ഉൾപ്പെടെ അന്വേഷിക്കുമെന്നും നേരത്തെയും ഫോണ്‍ ഉപയോഗിച്ചുള്ള പരീക്ഷ എഴുതിയ സംഭവം പി.എസ്.സി കണ്ടെത്തുകയും ഈ ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരാക്കുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാര്‍ ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ക്രമക്കേടുകളില്‍ സത്യസന്ധമായ അന്വേഷണമാണ് നടന്നതെന്നും ചെയർമാൻ അറിയിച്ചു.
പി.എസ്.സി പരീക്ഷയ്ക്കായി നല്കിയ പ്രൊഫൈലില്‍ നല്കിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൂന്നുപേരുടെ ഫോണിലൂടെ 90 ഓളം മെസേജുകള്‍ പോയതായി കണ്ടെത്തിയത്. ഇവര്‍ പരീക്ഷാ ഹാളില്‍ ഫോണ്‍ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്ന് മൂന്ന് സ്ഥലങ്ങളില്‍ പരീക്ഷ എഴുതിയ ഇന്വിജിലേറ്രര്മാരെ വിളിച്ചുവരുത്തി കൂടുതല്‍ ചോദ്യം ചെയ്യേണ്ടി വരും. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത് ആറ്റിങ്ങലിനടുത്ത ആലങ്കോട് വഞ്ചിയൂര്‍ ഗവ.യുപി.സ്കൂളിലും പ്രണവ് മാമത്തെ ഗ്ലോബല്‍ പബ്ലിക് സ്കൂളിലും നസീം തൈയ്ക്കാട് ഗവ. ട്രെയിനിംഗ് കോളജിലുമാണ് പരീക്ഷ എഴുതിയത്