പൈലറ്റ് ബോധരഹിതനായി : വിമാനം നിലത്തിറക്കി.

യാത്രയ്ക്കിടെ പൈലറ്റ് ബോധരഹിതനായതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്റിങ് നടത്തിയതെന്ന് കുവൈത്തി ദിനപ്പത്രമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. ഏത് വിമാനമാണിതെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല.

300 യാത്രക്കാരുമായി ആംസ്റ്റര്‍ഡാമിലേക്ക് തിരിച്ച വിമാനത്തിലെ പൈലറ്റിനാണ് ബോധക്ഷയമുണ്ടായത്. തുടര്‍ന്ന് സഹപൈലറ്റ് കുവൈത്ത് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ട് അടിയന്തര ലാന്റിങ്ങിനുള്ള അനുമതി തേടുകയായിരുന്നു. വിമാനം ലാന്റ് ചെയ്ത ഉടന്‍ പൈലറ്റിനെ അല്‍ ഫര്‍വാനിയ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. വിമാനം പിന്നീട് ആംസ്റ്റര്‍ഡാമിലേക്ക് തിരിച്ചു