ബഹ്റൈനില്‍ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച നടി അറസ്റ്റിൽ

ബഹ്റൈനില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച നടി അറസ്റ്റിലായി. മോഡല്‍ കൂടിയായ 30കാരി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോകള്‍ പ്രചരിപ്പിച്ചത്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തതുള്‍പ്പെടെയുള്ള വകുപ്പുകളാണ് ബഹ്റൈന്‍ പ്രോസിക്യൂഷന്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

നടി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന വിവരം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റാണ് (സിഐഡി) പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചതെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂട്ടര്‍ അഹ്‍മദ് അല്‍ അന്‍സാരി പ്രസ്താവനയില്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ തുടരന്വേഷണം നടത്തുകയും നടിയെ ചോദ്യം ചെയ്യുകയും ചെയ്തു. വീഡിയോ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഹാജരാക്കിയുള്ള ചോദ്യം ചെയ്യലില്‍ നടി കുറ്റം സമ്മതിച്ചു. താന്‍ തന്നെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതാണെന്നും പ്രശസ്തയാകാന്‍ വേണ്ടിയാണിത് ചെയ്തതെന്നും ഇവര്‍ പ്രോസിക്യൂഷന്‍ അധികൃതരോട് പറഞ്ഞു. ഇപ്പോള്‍ റിമാന്റിലുള്ള നടിക്കെതിരെ ഓഗസ്റ്റ് 14ന് വിചാരണ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മാന്യതയ്ക്ക് നിരക്കാത്ത ഇത്തരം വീഡിയോകള്‍ ആരും ഷെയര്‍ ചെയ്യരുതെന്നും, അങ്ങനെ ചെയ്താല്‍ അതിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പ്രോസിക്യൂഷന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി