ബഹ്‌റൈനിൽ പാക്കിസ്ഥാനികള്‍ക്കും ബംഗ്ലാദേശികള്‍ക്കുമെതിരെ നിയമ നടപടി, കാരണം ഇതാണ്…

മനാമ: കശ്മീരിന് വേണ്ടി റാലി നടത്തിയ പാക്കിസ്ഥാനികള്‍ക്കും ബംഗ്ലാദേശികള്‍ക്കുമെതിരെ നിയമ നടപടിയെടുത്ത് ബഹ്റൈന്‍ ഭരണകൂടം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് റാലി നടത്തിയവര്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് ഇവര്‍ നിയമവിരുദ്ധമായി റാലി നടത്തിയത്. സംഭവത്തില്‍ പൊലീസ് നിമയനടപടികള്‍ ആംരഭിച്ചെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. മതപരമായ ചടങ്ങുകള്‍ നടത്തുന്ന സ്ഥലം രാഷ്ട്രീയ കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് ബഹ്റൈന്‍ ഭരണകൂടം ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കശ്മീര്‍ വിഷയത്തില്‍ നിലവിലെ സാഹചര്യം അറിയിക്കാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ബഹ്റൈന്‍ ഷെയ്ഖ് ഹമദ് ബില്‍ ഈസ അല്‍ ഖലീഫയെ വിളിച്ചതിന് ശേഷമായിരുന്നു റാലി നടത്തിയവര്‍ക്കെതിരെ നിയമനടപടിയെടുത്തത്.