മുത്തലാഖ് വാട്സ് ആപ്പിലൂടെ , യുവാവിനെതിരെ കേസ്.

8

താനെ: വാട്സ് ആപ്പിലൂടെ സന്ദേശം അയച്ച് മുത്തലാഖ് ചൊല്ലിയ യുവാവിനെതിരെ കേസ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. മുസ്ലിം സ്ത്രീ സംരക്ഷണ നിയമം അടിസ്ഥാനമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി ഭാര്യയാണ് മുംബ്ര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതിന് ശേഷം അതേ കാര്യം വാട്സ് ആപ്പിലൂടെ സന്ദേശമായും തനിക്ക് അയച്ചതായി ഭാര്യയുടെ പരാതിയില്‍ പറയുന്നു. മുത്തലാഖ് ബില്‍ ഇരുസഭകളിലും പാസായ ശേഷം വ്യാഴാഴ്ചയാണ് ബില്ലിന് രാഷ്ട്പതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയത്.

മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ് ഇത്. അതിന് ശേഷം ഇത്തരത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കേസ് റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഭാര്യയെ മുത്തലാഖ് ചൊല്ലിയതിന് യുപിയില്‍ യുവാവിനെതിരെ കേസെടുത്തിരുന്നു. മുത്തലാഖ് ബില്‍ ഇരുസഭകളിലും പാസായി രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ച ശേഷം രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹരിയാനയിലെ നൂഹ് ജില്ലയില്‍ താമസിക്കുന്ന ഇക്രം ജുമിറത് എന്ന യുവതിയെ വിവാഹം ചെയ്യുന്നത് രണ്ട് വര്‍ഷം മുമ്പാണ്. തുടര്‍ന്ന് ഒരുലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് ഇക്രം നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. യുപിയിലെ കോസി കാലനിലെ കൃഷ്ണ നഗറിലെ വീട്ടിലേക്ക് തിരികെ എത്തിയ യുവതി പൊലീസില്‍ ഇതോടെ പരാതിയും നല്‍കി.

ഇതോടെ ദമ്പതികളെ വിളിച്ചു വരുത്തി കൗണ്‍ലിസിംഗ് നടത്തിയ പൊലീസ് പ്രശ്നങ്ങള്‍ പരിഹരിച്ചു വിട്ടു. എന്നാല്‍, ജൂലെെ 30ന് വീണ്ടും പരാതിയുമായി യുവതി സ്റ്റേഷനില്‍ എത്തി. ഇതോടെ പൊലീസ് വീണ്ടും ഇക്രമിന് വിളിച്ചു വരുത്തി. ഇതിനിടെ സ്റ്റേഷന് പുറത്ത് വച്ച് സ്ത്രീധനം നല്‍കാനാവില്ലെന്ന് യുവതിയുടെ അമ്മ പറഞ്ഞതോടെ ഇക്രം മുത്തലാഖ് ചൊല്ലുകയായിരുന്നു.