മെട്രോ സ്റ്റേഷനില്‍ വെച്ച് സഹയാത്രക്കാരിയെ സ്‍പര്‍ശിച്ച വിദേശിക്ക് ജയിൽ ശിക്ഷ

ദുബായ്: മെട്രോ സ്റ്റേഷനില്‍ വെച്ച് സഹയാത്രക്കാരിയെ അപമര്യാദയായി സ്‍പര്‍ശിച്ച വിദേശിക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ. ഫിലിപ്പൈന്‍ പൗരയായ യുവതിയെ അപമാനിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ദുബായ് പ്രാഥമിക കോടതി വിധി പറഞ്ഞത്.

ജൂലൈ 19നാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. ജോലിസ്ഥലത്തുനിന്ന് മടങ്ങിവരുന്നതിനിടെ രാത്രി 11 മണിക്ക് ബനി യാസ് മെട്രോ സ്റ്റേഷനില്‍ വെച്ചാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. എസ്‍കലേറ്ററില്‍ വെച്ച് തന്നെ കടന്നുപിടിച്ചെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും യുവതി പറഞ്ഞു. ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപെട്ടു. ഇയാളെ പിന്തുടര്‍ന്ന് ഒരു ഹോട്ടലിലെത്തി, അവിടെ കാത്തിരുന്നു. എന്നാല്‍ അല്‍പനേരം കഴിഞ്ഞപ്പോള്‍ എന്താണ് സംഭവിച്ചതെന്നും തന്നെ എന്തിനാണ് പിന്തുടരുന്നതെന്നും ചോദിച്ചുകൊണ്ട് ഇയാള്‍ പുറത്തുവരികയായിരുന്നു.

താന്‍ മദ്യപിച്ചിട്ടുണ്ടോയെന്നും പണം ആവശ്യമുണ്ടോയെന്നും ഇയാള്‍ ചോദിച്ചതായും യുവതി പ്രോസിക്യൂഷന് മൊഴി നല്‍കി. പണം വേണ്ടെന്ന് പറഞ്ഞ് പൊലീസിനെ വിളിക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ കടന്നുകളഞ്ഞു. പൊലീസെത്തി ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്ത് പ്രതിയെക്കുറിച്ചുള്ള വിവരം ശേഖരിച്ചു. പിന്നീട് ഇയാളെ പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചെങ്കിലും പിന്നീട് കോടതിയില്‍ ഇയാള്‍ അത് നിഷേധിച്ചു. എന്നാല്‍ പ്രതിയെ യുവതി തിരിച്ചറിഞ്ഞു. താന്‍ നിരപരാധിയാണെന്നും ബോധപൂര്‍വം യുവതിയെ സ്‍പര്‍ശിച്ചതല്ലെന്നും പ്രതി കോടതിയില്‍ വാദിച്ചു.  എന്നാല്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ നാടുകടത്തും.