മോഷണം തടഞ്ഞ അമ്മയെയും മോളെയും ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു

മഥുര: മോഷണ ശ്രമം തടഞ്ഞ അമ്മയെയും മകളെയും ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. നിസാമുദ്ദീന്‍ -തിരുവനന്തപുരം എക്സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. ദില്ലി സ്വദേശികളായ മീന, മകള്‍ മനിഷ എന്നിവരാണ് കൊല്ലപ്പെട്ടത്.

എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്കായി മകളെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ക്കാന്‍ കോട്ടയിലേക്ക് പോകുകയായിരുന്നു മീനയും മകള്‍ മനീഷയും മകന്‍ ആകാശും. പുലര്‍ച്ചെ കള്ളന്‍മാരിലൊരാള്‍ തന്‍റെ ബാഗ് എടുക്കുന്നത് കണ്ട മീന മോഷണ ശ്രമം ചെറുക്കാന്‍ ശ്രമിച്ചു. ബഹളം കേട്ട് മകള്‍ മനീഷയും ഉണര്‍ന്നു. ഇതോടെ മകൻ  ചങ്ങല വലിച്ച്  ട്രെയിന്‍ നിര്‍ത്തി സിആര്‍പിഎഫിനെ വിവരമറിയിച്ചു. ട്രെയിന്‍ നിന്നതോടെ കള്ളന്‍മാരിലൊരാള്‍ അമ്മയെയും മകളെയും സ്ലീപ്പര്‍ കോച്ചില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് ബാഗുമായി രക്ഷപ്പെടുകയായിരുന്നു. സിആര്‍പിഎഫ് സംഭവ സ്ഥലത്തേക്ക് എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

മൊബൈല്‍ ഫോണും പരിശീലനത്തിന് ചേര്‍ക്കാനുള്ള പണവും ഹോസ്റ്റല്‍ ഫീസും ചെക്കും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായിരുന്നു ബാഗിലുണ്ടായിരുന്നത്.