മോഷണശ്രമത്തിനിടെ മധ്യവയസ്കൻ വെടിയേറ്റ് മരിച്ചു.

കാസർകോട്: മോഷണശ്രമത്തിനിടെ മധ്യവയസ്കൻ വെടിയേറ്റ് മരിച്ചു. കാസർകോട് പാണത്തൂർ സ്വദേശിയും കർണാടക ചെത്തുങ്കയത്ത് സ്ഥിരതാമസക്കാരനുമായ ഗണേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കർണാടക കരിക്കയത്തെ ഹോന്നണ്ണ ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അടയ്ക്ക മോഷടിക്കുന്നതിനായി ഹോന്നണ്ണ ഗൗഡയുടെ വീട്ടിൽ ​ഗണേഷൻ കയറിയത്. ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ മോഷ്ടാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടയിൽ ഹോന്നണ്ണ വീട്ടിൽ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് നിറയൊഴിക്കുകയായിരുന്നു. ഇടതു കാൽതുടയിൽ വെടിയേറ്റ ഗണേഷ് സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വഴിയിൽ വീഴുകയായിരുന്നു. പിന്നീട് രക്തം വാർന്ന് മരിച്ചു.

ഇന്ന് രാവിലെ പാണത്തൂരിൽ കർണാടക അതിർത്തിക്കുള്ളിൽ എള്ളുകൊച്ചിയിൽ റോഡിനോട് ചേർന്ന കുറ്റിക്കാട്ടിനുള്ളിൽ നിന്നാണ് ഗണേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഇടതു കാൽതുടയിൽ വെടിയേറ്റ മുറിവുണ്ട്. കയ്യിൽ ചെറിയ ടോർച്ചും ഉണ്ടായിരുന്നു. പ്രദേശത്തെ സ്ഥിരം മോഷ്ടാവാണ് ​ഗണേഷ് എന്ന് പൊലീസ് പറഞ്ഞു. കേസിൽ വാഗമണ്ഡലം, കാസർകോട് രാജപുരം എന്നീ സ്റ്റേഷനിലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം നടന്നത് കർണാടക അതിർത്തിക്കുള്ളിലായതിനാൽ വാഗമണ്ഡലം പൊലീസിനാണ് അന്വേഷണ ചുമതല.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മടിക്കേരി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മലയാളി കുടിയേറ്റ കർഷകരും കർണാടകയിലെ ഗൗഡ സമുദായക്കാരും കൂടുതലായി താമസിക്കുന്ന സ്ഥലമാണിത്. വന്യമൃഗങ്ങളുടെ ശല്യം കൂടുതലായതിനാൽ പ്രദേശവാസികളിൽ അധിക പേർക്കും തോക്ക് കൈവശംവെക്കാൻ ലൈസൻസും ഉണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ  നായാട്ടു സംഘം നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതും ഇതേ സ്ഥലത്ത് വച്ചായിരുന്നു. ചിറ്റാരിക്കാൽ സ്വദേശി ജോർജ് വർഗീസാണ് മരിച്ചത്. ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.