യൂസഫലി പ്രഖ്യാപിച്ച പോലെ  ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി

6

തിരുവനന്തപുരം : ശ്രീറാം വെങ്കട്ടരാമൻ ഓടിച്ച വാഹനം ഇടിച്ചു മരിച്ച സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫ് കെ.എം. ബഷീറിന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി.

എം.എ.യൂസഫലിക്കുവേണ്ടി സെക്രട്ടറി ഇ.എ. ഹാരീസ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ ചേർന്നു ബഷീറിന്റെ ഭാര്യ ജെസിലയുടെ പേരിലുള്ള 10 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് ബന്ധുകൾക്ക് കൈമാറിയത്. ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവർത്തകനെയാണ് കേരളത്തിന് നഷ്‌ടമായതെന്ന് അനുശോചന സന്ദേശത്തിൽ യൂസഫലി പറഞ്ഞു. ഭാര്യയും രണ്ടു പിഞ്ചു കുട്ടികളുമുള്ള ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് കഴിഞ്ഞ ദിവസം യൂസഫലി പറഞ്ഞിരുന്നു.

ശനിയാഴ്ച പുലര്‍ച്ചെയാണു ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചു ബഷീർ മരിച്ചത്. ക്ലബിലെ പാര്‍ട്ടികഴിഞ്ഞു പെണ്‍സുഹൃത്തിനൊപ്പം ശ്രീറാം മടങ്ങവേ മ്യൂസിയം റോഡില്‍ പബ്ലിക് ഓഫിസിനു മുൻപിലാണ് അപകടമുണ്ടായത്.