റോഡിൽ വാഹനം കൊണ്ട് അഭ്യാസം, പോലീസ് ചെയ്തതോ? !

7

നിയമങ്ങളെയും അധികൃതരെയും വെല്ലുവിളിച്ച് റോഡില്‍ വാഹനങ്ങള്‍ കൊണ്ട് അഭ്യാസം കാണിക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അടിക്കടി പ്രത്യക്ഷപ്പെടാറുണ്ട്. അബുദാബിയിലെ ഒരു സ്വദേശി യുവാവ് റൗണ്ട് എബൗട്ടിന് നടുവിലെ പുല്‍ത്തകിടിയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്ന വീഡിയോയും കഴിഞ്ഞ ദിവസം ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഭംഗിയായി നട്ടുവളര്‍ത്തി പരിപാലിച്ചിരുന്ന പുല്‍ത്തകിടിയില്‍ പിക് അപ് ട്രക്ക് ഓടിച്ചുകയറ്റി ചെടികള്‍ നശിപ്പിച്ചയാളെ മര്യാദ പഠിപ്പിക്കാന്‍ അധികൃതര്‍ കണ്ടെത്തിയതും അല്‍പം വ്യത്യസ്ഥമായൊരു രീതി തന്നെയായിരുന്നു.

യുവാവ് വാഹനം കൊണ്ട് അഭ്യാസം കാണിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇയാള്‍ക്ക് ലഭിച്ച ശിക്ഷ വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോ അബുദാബി പൊലീസും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഗതാഗത നിയമ ലംഘനത്തിന് സാമൂഹിക സേവനമായിരുന്നു പബ്ലിക് പ്രോസിക്യൂഷന്‍ ഈ അറബ് യുവാവിന് വിധിച്ചത്. അബുദാബി പൊലീസ് പുറത്തിറക്കിയ വീഡിയോയുടെ രണ്ടാം പകുതിയില്‍ ശിക്ഷയായി ഇയാള്‍ റോഡ് കഴുകി വൃത്തിയാക്കുന്നതും റോഡിലെ സെന്‍ട്രല്‍ ഐലന്റ് കിളച്ച് വൃത്തിയാക്കി കുഴിയെടുത്ത് അവിടെ ചെടികള്‍ നടുന്നതും കാണാം. നശിപ്പിച്ച ചെടികള്‍ക്ക് പകരം റോഡില്‍ തന്നെ ചെടികള്‍ വെച്ചുപിടിപ്പിച്ച ശേഷമാണ് ഇയാളെ അധികൃതര്‍ വിട്ടയച്ചത്.

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന എല്ലാവര്‍ക്കും നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. അപകടകരമായ തരത്തില്‍ വാഹനം ഓടിക്കല്‍, നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവെയ്ക്കല്‍, നമ്പര്‍ പ്ലേറ്റുകള്‍ മാറ്റി ഉപയോഗിക്കല്‍, വാഹനങ്ങളുടെ മോഡിഫിക്കേഷന്‍, ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്ന പ്രവൃത്തികള്‍, പൊതുമുതലോ സ്വകാര്യ സ്വത്തോ നശിപ്പിക്കല്‍ തടങ്ങിയവയ്ക്ക് രണ്ടായിരം ദിര്‍ഹം പിഴയും 23 ബ്ലാക് പോയിന്റുകളും ലഭിക്കും. വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.