വിമാനത്തിൽ ഫയർ അലാം മുഴങ്ങി, ടോയ്‌ലെറ്റിൽ ഇരുന്ന് പുകവലിച്ചയാളെ പിടികൂടി അറസ്റ്റ് ചെയ്തു

6

അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിലെ ടോയ്‍ലറ്റില്‍ വെച്ച് പുകവലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്ന തുഷാര്‍ ചൗധരിയെയാണ്  വിമാനത്തില്‍ നിന്നിറങ്ങിയ ഉടന്‍ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ യാത്രയ്ക്കിടെ ടോയ്‍ലറ്റിലേക്ക് പോയ ഇയാള്‍ അവിടെ വെച്ച് സിഗരറ്റ് കത്തിക്കുകയായിരുന്നു. ഫയര്‍ അലാം മുഴങ്ങിയതോടെ ജീവനക്കാര്‍ വിമാനത്തിനുള്ളില്‍ പരിശോധന നടത്തി. പുക ഉയര്‍ന്നത് ടോയ്‍ലറ്റില്‍ നിന്നാണെന്ന് മനസിലായതോടെ ജീവനക്കാര്‍ ടോയ്‍ലറ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വാതിലില്‍ മുട്ടിയെങ്കിലും തുഷാര്‍ ചൗധരി വാതില്‍ തുറന്നില്ല.

ഇതോടെ പ്രത്യേക താക്കോല്‍ ഉപയോഗിച്ച് ജീവനക്കാര്‍ വാതില്‍ തുറന്നപ്പോഴാണ് ഇയാള്‍ പുകവലിച്ചത് കണ്ടെത്തിയത്.  തുടര്‍ന്ന് വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.