സംസ്ഥാനത്ത് മഴക്കെടുതിയിൽ 63മരണം – 2 ലക്ഷത്തിലധികം പേർ ക്യാമ്പുകളിൽ

സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 63 ആയി. രണ്ട് ലക്ഷത്തിലധികം പേരാണ് വിവിധയിടങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്നത്. മഴയിലും ഉരുൾപൊട്ടലിലും 198 വീടുകൾ പൂർണമായും 2303 വീടുകൾ ഭാഗിഗമായും തകർന്നു. കോഴിക്കോട് ജില്ലയിൽ മാത്രം 50,000-ൽ അധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.

അതേസമയം, കനത്തമഴയിൽ ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായ പുത്തുമലയിൽ രാവിലെ മുതല്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സെെന്യവും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്. ഇനി ഏഴ് പേരെയാണ് കണ്ടെത്താനുള്ളത്. ഇവിടെയുണ്ടായ ഉരുൾപൊട്ടലിൽ പത്ത് പേരാണ് മരിച്ചത്. ഇന്ന് രാവിലെ ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെടുത്തിരുന്നു.

ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടമുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ തെരച്ചിലിനായി സൈന്യവും എത്തിയിട്ടുണ്ട് . മരങ്ങള്‍ മുറിച്ചുമാറ്റിയും മണ്ണുനീക്കിയുമാണ് ഇവിടെ തെരച്ചിൽ നടത്തുന്നത്. കാലാവസ്ഥ അനുകൂലമായത് തെരച്ചില്‍ ഊര്‍ജിതമാക്കാന്‍ സഹായകരമാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ കണക്കുക്കൂട്ടല്‍.

അതിനിടെ, കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ജലനിരപ്പുയര്‍ന്നു. ഇവിടങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. കൈനകരി, കനകാശ്ശേരി ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിന്നാണ് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ വാഹന ഗതാഗതം തടസപ്പെട്ടു.

മഴയുള്ളതിനാൽ വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് തുടരും. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയും മണ്ണിടിച്ചിലും മൂലം താറുമാറായ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. 35 ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്. ഷൊർണ്ണൂർ പാലക്കാട് റൂട്ടിൽ ഉടൻ തന്നെ സർവ്വീസ് ആരംഭിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. എന്നാൽ ഷൊർണ്ണൂർ-കോഴിക്കോട് റൂട്ട് പുന:സ്ഥാപിക്കാൻ ഇനിയും സമയമെടുക്കും.