സഹോദരിയുടെ ഭര്‍ത്താവിനെ ഫേസ്‍ബുക്ക് കമന്റിലൂടെ അപമാനിച്ച യുവതിക്കെതിരെ നടപടി

സഹോദരിയുടെ ഭര്‍ത്താവിനെ ഫേസ്‍ബുക്ക് കമന്റിലൂടെ അപമാനിച്ച കേസില്‍ യുവതിക്കെതിരെ യുഎഇയില്‍ നടപടി. കമന്റില്‍ തന്നെ സ്വാര്‍ത്ഥനെന്ന് വിളിച്ചെന്നാണ് പരാതി. വിചാരണയ്ക്കായി തിങ്കഴാള്ച യുവതി കോടതിയില്‍ ഹാജരായി.

തന്റെ ഫേസ്‍ബുക്ക് പോസ്റ്റിന് കീഴില്‍ ഭാര്യാസഹോദരി, തന്നെ സ്വാര്‍ത്ഥനെന്ന് വിളിച്ചുകൊണ്ട് കമന്റ് ചെയ്തുവെന്നും ഇത് അപമാനകരമാണെന്നും കാണിച്ചാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ പരാതിക്കാരന്‍ തന്റെ ഭര്‍ത്താവിന്റെ ഉറ്റ സുഹൃത്തുകൂടിയാണെന്നും താനും ഭര്‍ത്താവും തമ്മിലുള്ള ഒരു പ്രശ്നം പരിഹരിക്കാന്‍ ഇയാള്‍ ഇടപെട്ടിരുന്നുവെന്നും യുവതി കോടതിയില്‍ അറിയിച്ചു. ഈ പ്രശ്നത്തില്‍ ഭര്‍ത്താവിന് അനുകൂലമായ നിലപാടാണ് ഇയാള്‍ സ്വീകരിച്ചത്. ഇത് മനസില്‍ വെച്ചാണ് ‘നിങ്ങള്‍ സ്വാര്‍ത്ഥനാണ്’ എന്ന അര്‍ത്ഥത്തിലുള്ള ഇംഗ്ലീഷ് കമന്റ് ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇയാളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കോടതിയില്‍ യുവതി പറഞ്ഞു.