സാക്കിര്‍ നായിക്കിന്  മലേഷ്യയില്‍ പ്രഭാഷണം നടത്തുന്നതിന് വിലക്ക്

13

വിവാദ ഇസ്ലാമിക് മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്  മലേഷ്യയില്‍ പ്രഭാഷണം നടത്തുന്നതിന് വിലക്ക്. മതവിദ്വേഷ പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രിയടക്കം രംഗത്തെത്തിയിരുന്നു. മുസ്ലീംകള്‍ക്ക് ഇന്ത്യയില്‍ ലഭിക്കുന്ന അവകാശങ്ങളേക്കാള്‍ 100 മടങ്ങ് കൂടുതല്‍ അവകാശങ്ങള്‍ ഹിന്ദുക്കള്‍ക്ക് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ മലേഷ്യയില്‍ ലഭിക്കുന്നുണ്ടെന്നായിരുന്നു സാക്കിര്‍ നായിക്കിന്റെ പ്രസ്താവന. മലേഷ്യയിലുള്ള ചൈനക്കാരോടും സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ നായിക്ക് ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് മൂന്നിനായിരുന്നു വിവാദ പ്രസംഗം.

മതവിദ്വേഷം വളര്‍ത്തുന്നതാണ് സാക്കിറിന്‍റെ വാക്കുകളെന്നും രാജ്യത്ത് വിദ്വേഷം വളര്‍ത്തുന്നതിന് അനുവദിക്കില്ലെന്നും മലേഷ്യൻ പ്രധാനമന്ത്രി മഹാതിര്‍ ബിന്‍ മുഹമ്മദ് പ്രതികരിച്ചു. “സാക്കിര്‍ നായിക്ക് വര്‍ഗീയ മനോഭാവം വളര്‍ത്തുന്ന രാഷ്ട്രീയത്തിനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. വിദ്വേഷം വളര്‍ത്താന്‍ അദ്ദേഹം ശ്രമിക്കുന്നു. പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം,”  അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും ചൈനക്കാരോട് ചൈനയിലേക്ക് പോകാനും ഇന്ത്യക്കാരോട് ഇന്ത്യയിലേക്ക് പോകാനുമാണ് സാക്കിര്‍ ആവശ്യപ്പെടുന്നതെന്ന് വ്യക്തമാണെന്നും മലേഷ്യല്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് സാക്കിര്‍ നായിക്കിനെ മലേഷ്യയില്‍ പ്രഭാഷണം നടത്തുന്നതില്‍ നിന്നും വിലക്കിയത്. നേരത്തെ സാക്കിർ നായികിനെ വിട്ടുനൽകണമെന്ന് ഇന്ത്യ മലേഷ്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് മലേഷ്യ തയ്യാറായിരുന്നില്ല.