സാമ്പത്തിക പ്രശ്നം കാരണം ആത്മഹത്യക്ക് ഒരുങ്ങിയ ഇന്ത്യൻ യുവാവിനെ ദുബായ് പോലീസ് രക്ഷിച്ചു

13

സാമ്പത്തിക ബാധ്യത രൂക്ഷമായതോടെ ആത്മഹത്യ ചെയ്യുകയാണെന്നറിയിച്ച് കത്തെഴുതിയ ഇന്ത്യന്‍ യുവാവിനെ രക്ഷപെടുത്തി ദുബായ് പൊലീസ്. ജോലി നഷ്ടപ്പെട്ടതോടെ പ്രതിസന്ധിയിലായ 23-കാരനാണ് ആത്മഹത്യ ചെയ്യുമെന്നറിയിച്ച് ഒരു മാധ്യമത്തിന് കത്തയച്ചത്.

കത്ത് ശ്രദ്ധയില്‍പ്പെട്ട മാധ്യമ സ്ഥാപനത്തിന്‍റെ അധികൃതര്‍ ദുബായ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വൃക്കകള്‍ തകരാറിലായ പിതാവിന്‍റെ ചികിത്സയ്ക്കായി വന്‍ തുക ചെലവായെന്നും വായ്പ എടുത്ത ഈ തുക തിരിച്ചടയ്ക്കാന്‍ പ്രയാസപ്പെടുന്നതിനിടെയാണ് ജോലി നഷ്ടമായതെന്നും യുവാവ് കത്തില്‍ പറയുന്നു.

വിവരമറിഞ്ഞതിനെ തുടര്‍ന്ന് യുവാവിന്‍റെ വീട്ടിലെത്തിയ ദുബായ് പൊലീസ് ഇയാളെ പൊലീസ് ആസ്ഥാനത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും ആത്മഹത്യ ചെയ്യുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയുമായിരുന്നു. യുവാവിന്‍റെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നല്‍കുന്നതിനായി വിശദമായ ബയോഡേറ്റ തയ്യാറാക്കാനും പൊലീസ് യുവാവിനോട് ആവശ്യപ്പെട്ടതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.