സ്കൂളില്‍ വിദ്യാര്‍ത്ഥിയെ ചെരിപ്പില്ലാതെ വെയിലത്ത് നിര്‍ത്തിയ അധ്യാപകന് 10,000 ദിര്‍ഹം പിഴ

11

സ്കൂളില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ചെരിപ്പില്ലാതെ വെയിലത്ത് നിര്‍ത്തിയ അധ്യാപകന് ഷാര്‍ജ കോടതി 10,000 ദിര്‍ഹം (രണ്ട് ലക്ഷത്തോളം രൂപ) പിഴ വിധിച്ചു. ശിക്ഷാ നടപടിയെന്ന പേരിലാണ് ഷാര്‍ജയിലെ ഒരു സ്കൂളില്‍ സൂപ്പര്‍വൈസറായ അധ്യാപകന്‍ 15 വയസുകാരനെ വെയിലത്ത് നിര്‍ത്തിയത്.

കുട്ടിയുടെ ജീവന് തന്നെ ഭീഷണിയായിരുന്ന പ്രവൃത്തിയാണ് അധ്യാപകന്‍ ചെയ്തതെന്ന് വിലയിരുത്തിയ കോടതി, നഷ്ടപരിഹാരത്തിനായി കേസ് സിവില്‍ കോടതിയിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. 2018 മേയ് ഒന്‍പതിനാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. ക്ലാസ് സമയം അവസാനിക്കുന്നത് വരെ കുട്ടിയുടെ ഷൂസ് ഊരിവാങ്ങി വെയിലത്ത് നിര്‍ത്തി. പിന്നീട് സംഭവമറിഞ്ഞ കുട്ടിയുടെ പിതാവാണ് ഷാര്‍ജ പൊലീസില്‍ പരാതി നല്‍കിയത്.

ഉച്ച സമയത്തെ പൊള്ളുന്ന വെയിലില്‍ തന്റെ മകന് ചെരിപ്പില്ലാതെ നടക്കേണ്ടി വന്നുവെന്ന് പിതാവിന്റെ പരാതിയില്‍ പറയുന്നു. ക്ലാസ് അവസാനിച്ച ശേഷം ഷൂസ് ആവശ്യപ്പെട്ട് കുട്ടി സൂപ്പര്‍വൈസറുടെ അടുത്ത് പോയെങ്കിലും തിരിച്ചുനല്‍കിയില്ല. പകരം സഹപാഠികളുടെ മുന്നില്‍വെച്ച് അപമാനിച്ചു. ഇതോടെ ചെരിപ്പില്ലാതെ തന്നെ സ്കൂള്‍ ബസില്‍ കയറി. പിന്നീട് ബസിലെ ജീവനക്കാരനാണ് ചെരിപ്പ് തിരികെ വാങ്ങി നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.