സൗദി അറേബ്യയിൽ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് രണ്ട് തവണ ഹൂതികളുടെ ആക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് വ്യാഴാഴ്ച രണ്ട് തവണ ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായെന്ന് അറബ് സഖ്യസേന അറിയിച്ച. യെമനിലെ സനായില്‍ നിന്നാണ് ജിസാനും അബഹയും ലക്ഷ്യമിട്ട് ഹൂതികള്‍ സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണുകള്‍ അയച്ചത്.

ലക്ഷ്യസ്ഥാനങ്ങളില്‍ എത്തുന്നതിന് മുന്‍പ് ഡ്രോണുകള്‍ അറബ് സഖ്യസേന തകര്‍ത്തതായി സൗദി വാര്‍ത്താ ഏജന്‍സി അറിയിച്ചു.  ഹൂതികളുടെ ആക്രമണ ശ്രമങ്ങള്‍ പരാജയപ്പെടുമെന്നും ജനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. യെമനിലെ അല്‍ ഹാജ്ജ പ്രവിശ്യയില്‍ നിന്ന് ബുധനാഴ്ച സൗദിയിലേക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട് ആക്രമണം നടത്താനും ശ്രമമുണ്ടായി.