കോട്ടയം: കെവിൻ ദുരഭിമാനക്കൊലക്കേസിൽ എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 10 പേരാണ് കുറ്റക്കാർ. കെവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ് മോന്(ചിന്നു), മൂന്നാംപ്രതി ഇഷാന് ഇസ്മയില്‍, നാലാംപ്രതി റിയാസ് ഇബ്രാഹിംകുട്ടി, ആറാംപ്രതി മനു മുരളീധരന്, ഏഴാംപ്രതി ഷിഫിന് സജാദ്, എട്ടാംപ്രതി എന്‍ നിഷാദ്, ഒമ്പതാംപ്രതി ഫസില്‍ ഷെരീഫ്, 11-ാംപ്രതി ഷാനു ഷാജഹാന്, 12-ാംപ്രതി ടിറ്റു ജെറോം എന്നിവരെയാണ് ശിക്ഷിച്ചത്.
കോട്ടയം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ് ജയചന്ദ്രൻ ആണ് വിധി പറഞ്ഞത്. വിവിധവകുപ്പുകളിലായി വിധിച്ച ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി. അപൂർവ്വത്തിൽ അപൂർവ്വമായ കേസ് ആണിതെന്നും കോടതി പറഞ്ഞു. പ്രതികൾ 40,000 രൂപ വീതം പിഴയും ഒടുക്കണം. ഇതില്‍ നിന്ന് കേസിലെ ഒന്നാം സാക്ഷിയായ അനീഷിന് ഒരു ലക്ഷം രൂപ നല്‍കണം. ബാക്കി തുക കെവിന്റെ പിതാവിനും കെവിന്റെ ഭാര്യ നീനുവിനും നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
ശിക്ഷയിൽ കഴിഞ്ഞദിവസം വാദം പൂർത്തിയായിരുന്നു. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കൊലപാതകം എന്ത് കാരണത്താലാണെങ്കിലും കുറ്റക്കാർക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ജീവപര്യന്തം ശിക്ഷിക്കുകയാണെങ്കിൽ മറ്റു കുറ്റങ്ങൾക്കുള്ള തടവ് ശിക്ഷ പ്രത്യേകമായി അനുഭവിക്കാൻ ഉത്തരവിടണമെന്നും ശിക്ഷ ഒന്നിച്ചു അനുഭവിക്കാൻ അനുവദിക്കരുതെന്നും പ്രോസിക്യൂഷന് വാദിച്ചു. അതേസമയം പ്രതികളുടെ പ്രായവും മുൻകാല ജീവിതവും പരിഗണിച്ച് പരമാവധി ഇളവ് അനുവദിക്കണമെന്ന് പ്രതിഭാഗവും ബോധിപ്പിച്ചു.
കെവിന്റെ ഭാര്യയും കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ സഹോദരിയുമായ നീനുവിന്റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവായത്. മൂന്ന് മാസം കൊണ്ടാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ 2018 മേയ് 27നാണ് പ്രതികൾ കെവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.