22 വർഷത്തിന് ശേഷവും ശവകുടീരത്തിലെ മൃതദേഹത്തിന് കേടുപാടില്ല, സംഭവം ഉത്തരേന്ത്യയിൽ…

ലക്നൗ : അടക്കം ചെയ്തിട്ട് 22 വര്‍ഷം കഴിഞ്ഞിട്ടും മൃതദേഹത്തിന് കാര്യമായ കേടുകള്‍ ഒന്നും സംഭവിക്കാത്തത് ജനങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു. ഉത്തര്‍ പ്രദേശിലെ ബാന്ദ ജില്ലയിലെ ബാബെരൂ എന്ന പ്രദേശത്താണ് അവിശ്വസനീയമായി തോന്നുന്ന ഈ സംഭവം നടന്നത്.

22 വര്‍ഷം മുമ്പ് മരണപ്പെട്ട നസീര്‍ അഹമ്മദ് എന്ന വ്യക്തിയുടെ മൃതദേഹമാണ് കേടുകളൊന്നുമില്ലാതെ നിലനില്‍ക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് ശവകുടീരം തകര്‍ന്ന് പുറത്തെത്തിയ മൃതദേഹത്തിന്റെ നിറം, മരിച്ച ശരീരം കുറച്ച് മണിക്കൂര്‍ സൂക്ഷിച്ചാല്‍ ഉണ്ടാകുന്ന വെള്ള നിറം തന്നെയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുധനാഴ്ചയായിരുന്നു ശവകുടീരം തകര്‍ന്ന് മൃതദേഹം പുറത്തെത്തിയത്. സംഭവം അറിഞ്ഞെത്തിയ നസീര്‍ അഹമ്മദിന്റെ ബന്ധുക്കള്‍ മൃതദേഹം നസീറിന്റേത് തന്നെയെന്ന് തിരിച്ചറിഞ്ഞു. വാര്‍ത്ത പ്രചരിച്ചതോടെ മൃതദേഹം കാണാന്‍ വലിയ ജനക്കൂട്ടമാണ് സ്ഥലത്തെത്തിയത്.

പിന്നീട് നാട്ടുകാരുടെ സാന്നിധ്യത്തില്‍ മൃതദേഹം മറ്റൊരു കുഴിയില്‍ ബുധനാഴ്ച രാത്രിയോടെ തന്നെ അടക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ദൈവത്തിന്റെ അത്ഭുതം എന്നാണ് ഗ്രാമീണര്‍ സംഭവത്തെ വിശേഷിപ്പിച്ചത്