യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു

7

അബുദാബി: യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. അബൂദബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ അബുദാബി കിരീടവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനിൽ നിന്നുമാണ് നരേന്ദ്രമോദി പുരസ്‌കാരം ഏറ്റുവാങ്ങിയത്. യു.എ.ഇ ഓര്‍ഡര്‍ ഓഫ് സായിദ് നല്‍കി ആദരിക്കുന്ന 16-ാമത്തെ രാഷ്ടനേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനവും കൊട്ടാരത്തില്‍ നടന്നു. നേരത്തേ റൂപേയുടെ കാര്‍ഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ഇന്ന് രാവിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. യു.എ.ഇയിലെ ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും ഇതോടൊപ്പം നടന്നു. ജമ്മു കശ്മീരില്‍ നിക്ഷേപത്തിന് തയാറാകണമെന്നും കശ്മീരികള്‍ക്ക് തൊഴിലവസരം ഒരുക്കണമെന്നും പ്രവാസി വ്യവസായികളോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിലെത്തുന്നത്.

യു.എ.ഇ-യിലെ സന്ദർശനത്തിനിടെയാണ് മുൻ കേന്ദ്രമന്ത്രിയും അടുത്ത സുഹൃത്തുമായ അരുണ്‍ ജയ്റ്റിലിയുടെ വിയോഗവാർത്ത പ്രധാനമന്ത്രി അറിയുന്നത്. ജെയ്റ്റിലിയുടെ വേർപാടിൽ പ്രധാനമന്ത്രി അഗാധമായ ദു:ഖം രേഖപ്പെടുത്തി. ജയ്റ്റിലുടെ വിയോഗ വാര്‍ത്തക്കിടയിലും ഗള്‍ഫ് പര്യടനം മാറ്റമില്ലാതെ തുടരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യു.എ.ഇ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി ബഹ്റൈനിലേക്ക് പോയി.